ഐറിഷ് സമുദ്രാതിർത്തിയിൽ റഷ്യൻ സൈനിക പരിശീലനം; ഐറിഷ് ബോട്ടുകൾ മീൻ പിടിത്തം ഒഴിവാക്കുന്നതാണ് നല്ലതെന്ന് മാർട്ടിൻ

അയര്‍ലണ്ടിന്റെ സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് റഷ്യ അടുത്തയാഴ്ച നാവികാഭ്യാസ പരിശീലനം തുടങ്ങാനിരിക്കെ, മീന്‍പിടിത്തക്കാരോട് കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കടലില്‍ പോകുന്നതിന് വിലക്കില്ലെങ്കിലും സുരക്ഷിതരായിരിക്കണമെന്ന് മാര്‍ട്ടിന്‍ മീന്‍പിടിത്തക്കാരോട് ആഹ്വാനം ചെയ്തു.

മിസൈല്‍ അടക്കമുള്ള ആയുധങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഫെബ്രുവരി 3-ന് ആരംഭിക്കുന്ന പരിശീലനാഭ്യാസം. ഐറിഷ് ,സമുദ്രാതിര്‍ത്തിക്ക് പുറത്താണെങ്കിലും, അയര്‍ലണ്ടിന്റെ exclusive economic zone (EEZ)-ന് അകത്താണിതെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.

അതേസമയം അയര്‍ലണ്ടിലെ റഷ്യന്‍ അംബാസഡറുമായി നടന്ന ചര്‍ച്ചയില്‍, മീന്‍പിടിത്തക്കാര്‍ക്ക് അപകടമൊന്നുമുണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായാണ് മീന്‍പിടിത്തക്കാരുടെ സംഘടനകള്‍ പറയുന്നത്. ഇതിന് കടകവിരുദ്ധമായി, ഉറപ്പുകളൊന്നും നല്‍കിയിട്ടില്ലെന്നും, മീന്‍പിടിത്തക്കാര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും തൊട്ടുപിന്നാലെ റഷ്യന്‍ എംബസി പ്രസ്താവനയിറക്കിയിരുന്നു.

ഇതിനിടെയാണ് മുന്‍കരുതലെടുക്കാനും, സുരക്ഷിതരായിരിക്കാനും മീന്‍പിടിത്തക്കാര്‍ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി മാര്‍ട്ടിന്‍ രംഗത്തെത്തിയത്.

‘ഞങ്ങളുടെ അഭിപ്രായത്തില്‍ സൈനികാഭ്യാസം നടക്കുന്നതിന് സമീപം പോയി മീന്‍പിടിത്തം നടത്തുക എന്നത് ഒട്ടും അഭികാമ്യമല്ല,’ അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം മീന്‍പിടിത്തക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും, സുരക്ഷയാണ് പ്രധാനമെന്നും മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ മറ്റൊരു പ്രശ്‌നമായ റഷ്യ-ഉക്രെയിന്‍ സംഘര്‍ഷം ഒഴിവാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെനനും മാര്‍ട്ടിന്‍ പറഞ്ഞു.

അതേസമയം ഫെബ്രുവരി 3 മുതല്‍ 8 വരെ സൈനികപരിശീലനം നടക്കുന്ന പ്രദേശത്തിന്റെ മാപ്പ് സഹിതം ഗതാഗത വകുപ്പ് മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. വെസ്റ്റ് കോര്‍ക്കില്‍ നിന്നും ഏകദേശം 240 കി.മീ അകലെയാണ് ഈ പ്രദേശം.

Share this news

Leave a Reply

%d bloggers like this: