കെയർഹോമുകളിലെ ലൈംഗികാതിക്രമങ്ങൾ 77% വർദ്ധിച്ചു; ഗുരുതര റിപ്പോർട്ട് പുറത്തുവിട്ട് Hiqa

അയര്‍ലണ്ടിലെ നഴ്‌സിങ് ഹോമുകള്‍, വൈകല്യമുള്ളവരുടെ കെയര്‍ ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി ലഭിക്കുന്ന പരാതികള്‍ 77% വര്‍ദ്ധിച്ചതായി Health Information and Quality Authority (Hiqa). 2021-ലെ കണക്ക് പ്രകാരം ഇത്തരം 32 പരാതികളാണ് Hiqa-യ്ക്ക് ലഭിച്ചത്. 2020-ല്‍ ഇത് 18 ആയിരുന്നു.

രാജ്യത്തെ പല നഴ്‌സിങ് ഹോമുകളിലും അന്തേവാസികള്‍ പലതരത്തിലുള്ള മാനസികവും, ശാരീരികവുമായ ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇത്തരത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു Brandon Report. ഒരു HSE കെയര്‍ഹോമിലെ അന്തേവാസികളിലൊരാളായ Brandon (യഥാര്‍ത്ഥ നാമമല്ല) വര്‍ഷങ്ങളോളം മറ്റ് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, എല്ലാമറിഞ്ഞിട്ടും അത് തടയാനായി ഹോം അധികൃതര്‍ ശ്രമിച്ചില്ലെന്നുമുള്ള ഗുരുതരമായ സംഭവമായിരുന്നു ഇത്. തുടര്‍ന്ന് സംഭവത്തില്‍ HSE ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പരാതികള്‍/ആരോപണങ്ങളില്‍ 21 എണ്ണവും വൃദ്ധര്‍ താമസിക്കുന്ന കെയര്‍ ഹോമുകളില്‍ നിന്നാണ്. 2020-ല്‍ ഇത്തരം 15 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

വൈകല്യമുള്ളവര്‍ക്ക് പരിചരണം നല്‍കുന്ന കേന്ദ്രങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ വലിയ രീതിയില്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം 11 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷം ഇത് മൂന്ന് ആയിരുന്നു.

ഈ വര്‍ഷം ഇതുവരെ കെയര്‍ഹോമുകളില്‍ നിന്നും ഇത്തരം അഞ്ച് പരാതികളാണ് ലഭിച്ചിട്ടുള്ളതെന്നും Hiqa വ്യക്തമാക്കി.

അതേസമയം പരാതികള്‍ കൃത്യമായി ഗാര്‍ഡയെ അറിയിക്കുന്നതില്‍ പല കെയര്‍ ഹോമുകളും ഇപ്പോഴും വീഴ്ച വരുത്തുന്നതായി Hiqa പറയുന്നു. അറ് കെയര്‍ഹോമുകളാണ് പരാതികള്‍ ഗാര്‍ഡയ്ക്ക് കൈമാറാതിരുന്നത്. ശേഷം Hiqa ആണ് മുന്‍കൈയെടുത്ത് ഇതില്‍ ഗാര്‍ഡയെ ഇടപെടുത്തിയത്. പരാതിയില്‍ കൃത്യമായ പരിശോധന നടത്തിയാണ് Hiqa കേസ് ഗാര്‍ഡയ്ക്ക് കൈമാറുന്നത്.

Share this news

Leave a Reply

%d bloggers like this: