ആ കളി ഇനി നടപ്പില്ല! ഇൻഷുറൻസ് കമ്പനികൾ സ്ഥിരഉപഭോക്താക്കളിൽ നിന്നും അമിത പ്രീമിയം ഈടാക്കുന്നത് നിർത്തലാക്കി സെൻട്രൽ ബാങ്ക്

അയര്‍ലണ്ടില്‍ ഉപഭോക്താക്കളില്‍ നിന്നും അധിക പ്രീമിയം ഈടാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവണതയ്ക്ക് തടയിട്ടുകൊണ്ട് പുതിയ നിയമം പാസാക്കി സെന്‍ട്രല്‍ ബാങ്ക്. വര്‍ഷങ്ങളായി ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് തന്നെ പോളിസി പുതുക്കിക്കൊണ്ടിരിക്കുന്ന ഉപഭോക്താക്കളില്‍ നിന്നും, പുതിയ ഉപഭോക്താക്കളെക്കാള്‍ വളരെ കൂടിയ തുക പ്രീമിയമായി വാങ്ങുന്ന രീതിക്കാണ് ഇതോടെ അവസാനമാകുക. ‘ലോയല്‍റ്റി പെനാല്‍റ്റി’ എന്നറിയപ്പെടുന്ന ഈ രീതി ഇനിമുതല്‍ പാടില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് കര്‍ശന നിര്‍ദ്ദേശം പുറത്തിറക്കി. ജൂലൈ 1 മുതല്‍ നിയന്ത്രണം നിലവില്‍ വരും.

Price walking എന്ന് കൂടി അറിയപ്പെടുന്ന ഈ രീതി പ്രകാരം, കാലങ്ങളായി ഒരേ ഇന്‍ഷുറന്‍സ് കമ്പനിയില്‍ തന്നെ പോളിസി തുടരുന്നവര്‍ക്ക്, വലിയ തുകയാണ് പുതിയ ഉപഭോക്താക്കളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അധികം നല്‍കേണ്ടിവരുന്നത്. വാഹന ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ് എന്നീ മേഖലകളിലെല്ലാം തന്നെ ഈ രീതി നിലനില്‍ക്കുന്നു. ഈയിടെ സെന്‍ട്രല്‍ ബാങ്ക് നടത്തിയ ഒരു പഠനമനുസരിച്ച്, ഒമ്പത് വര്‍ഷമായി ഒരേ കമ്പനിയില്‍ തന്നെ ഇന്‍ഷുറന്‍സ് ഉള്ള ഉപഭോക്താക്കള്‍, പുതിയ ഉപഭോക്താക്കളെക്കാള്‍ 32% വരെ അധിക തുക ഹോം ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ നല്‍കേണ്ടിവരുമെന്ന് കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നത്തിന് ഇതോടെ അവസാനമാകും.

അതേസമയം വിപണിയിലെ മത്സരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കമ്പനികള്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുമ്പോള്‍ (സ്വിച്ചിങ് നടത്തുമ്പോഴും) ഡിസ്‌കൗണ്ടുകള്‍ നല്‍കാവുന്നതാണെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.

ഇനിമുതല്‍ ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് കമ്പനികള്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹോം ഇന്‍ഷുറന്‍സ് പ്രീമിയം എന്നിവ പുനഃപരിശോധിക്കണമെന്നും, അതുവഴി കാര്യങ്ങള്‍ സുതാര്യമാണെന്ന് ഉറപ്പ് വരുത്തണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയാണ് ധനകാര്യസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമെന്നും, ഉപഭോക്താക്കളെ മുതലെടുക്കുന്നുവെന്ന് തോന്നിയാല്‍ അതിനെതിരെ തങ്ങളുടെ ഇടപെടലുണ്ടാകുമെന്നും സെന്‍ട്രല്‍ ബാങ്ക് ഡയറക്ടര്‍ ജനറല്‍ Derville Rowland പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പര്യത്തിനാണ് ഇവിടെ പ്രധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്നും അധിക പ്രീമിയം ഈടാക്കുന്നുവെന്നത് കാലങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന പരാതിയാണ്.

Share this news

Leave a Reply

%d bloggers like this: