വിലക്കയറ്റം മുതലെടുത്ത് ക്രിമിനലുകൾ; Louth-ൽ 14,000 ലിറ്റർ അനധികൃത ഇന്ധനം പിടികൂടി

അയര്‍ലണ്ടില്‍ ഇന്ധനവില വര്‍ദ്ധന രൂക്ഷമായി തുടരുന്നതിനിടെ Co Louth-ല്‍ 14,000 ലിറ്റര്‍ അനധികൃത ഇന്ധനം റവന്യൂ പിടിച്ചെടുത്തു. റവന്യൂ ഓഫിസര്‍മാര്‍, ഗാര്‍ഡ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ Louth-ലെ Dundalk-ലുള്ള Kilkerley പ്രദേശത്ത് നിന്നാണ് അനധികൃമായി വില്‍പ്പനയ്ക്ക് വച്ചിരിക്കുകയായിരുന്ന marked mineral fuel പിടിച്ചെടുത്തത്.

തെരച്ചിലില്‍ ഇന്ധന വില്‍പ്പനയ്ക്കായി ഉപയോഗിച്ച രണ്ട് ഓയില്‍ ടാങ്കറുകള്‍, ഒരു വാന്‍ എന്നിവയും പിടിച്ചെടുത്തു. ടാങ്കറുകളിലൊന്നില്‍ 8,000 ലിറ്റര്‍ ഇന്ധനം നിറച്ചുവച്ചിരുന്നു. മറ്റൊരു വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഏതാനും ലിറ്റര്‍ ഡീസലും പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു.

സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരാളെയും, 60-ലേറെ പ്രായമുള്ള മറ്റൊരാളെയും റവന്യൂ ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

അനധികൃതമായി ഇന്ധനവില്‍പ്പന നടത്തുന്നത് വഴി വന്‍ തുകയാണ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരികയെന്ന് റവന്യൂ വ്യക്തമാക്കി. ക്രിമിനല്‍ സംഘങ്ങള്‍ പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി ഇത് ഉപയോഗിക്കുന്നതായും റവന്യൂ വക്താവ് കൂട്ടിച്ചേര്‍ത്തു. ഇത്തരം സംഭവങ്ങളെ പറ്റി വല്ല വിവരവും ലഭിച്ചാല്‍ രഹസ്യമായി റവന്യൂവിന്റെ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം: 1800 295 295.

Share this news

Leave a Reply

%d bloggers like this: