റഷ്യ-ഉക്രെയിൻ യുദ്ധം; അയർലണ്ട് സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന് മാർട്ടിൻ

റഷ്യ-ഉക്രെയിന്‍ യുദ്ധത്തിന്റെ അനന്തരഫലമായി അയര്‍ലണ്ട് ഈ വര്‍ഷം സാമ്പത്തികമാന്ദ്യത്തിലേയ്ക്ക് കൂപ്പു കുത്തിയേക്കാമെന്ന ആശങ്ക പങ്കുവച്ച് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. സെന്റ് പാട്രിക്‌സ് ആഘോഷത്തിന്റെ ഭാഗമായി യുഎസിലെത്തിയ മാര്‍ട്ടിന്‍, വാഷിങ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ രാജ്യം പണപ്പെരുപ്പം അനുഭവിക്കുന്നതായും, ഊര്‍ജ്ജവില വര്‍ദ്ധന നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയ മാര്‍ട്ടിന്‍, പ്രശ്‌നപരിഹാരത്തിനായി Value Added Tax (VAT) നിയമത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇളവുകള്‍ നല്‍കണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു. വാറ്റ് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ നിലവിലെ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുതിയ വഴി തുറന്നുകിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

തുടര്‍ന്ന് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സമ്പദ് വ്യവസ്ഥയെ പറ്റി കൃത്യമായ ഉറപ്പ് നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

റഷ്യ-ഉക്രെയിന്‍ യുദ്ധം കാരണം യുഎസ്, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ പ്രതിസന്ധിയിലേയ്ക്ക് നീങ്ങുകയാണെങ്കില്‍ ഇവിടങ്ങളിലേയ്ക്കുള്ള അയര്‍ലണ്ടിന്റെ കയറ്റുമതിയെയും അത് ബാധിക്കും. അയര്‍ലണ്ടിന്റെ പ്രധാന കയറ്റുമതി വിപണികളാണ് ഈ രണ്ട് രാജ്യങ്ങളും.

യുദ്ധം യൂറോപ്യന്‍ സമ്പദ് മേഖലയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ഇയു നിലവില്‍ പഠനം നടത്തിവരികയാണ്. മേഖലയെ സാമ്പത്തികപ്രതിസന്ധിയിലേയ്ക്ക് പോകാതെ എങ്ങനെ കാക്കാം എന്നത് സംബന്ധിച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റായ Christine Lagarde ഈയിടെ ഒരു പ്രസന്റേഷന്‍ ഇയു നേതാക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

നേരത്തെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മുന്നോട്ട് കുതിക്കുകയായിരുന്നുവെന്നും, ഇപ്പോഴും നില മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രവചനങ്ങളെന്നും പറഞ്ഞ മാര്‍ട്ടിന്‍, പക്ഷേ സാമ്പത്തിക കാര്യത്തില്‍ ആര്‍ക്കും ഉറപ്പുകളൊന്നും നല്‍കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കുന്നത്.

വാറ്റ് വര്‍ദ്ധിപ്പിച്ചാല്‍ പോലും യുദ്ധകാലത്ത് ഊര്‍ജ്ജമേഖലയില്‍ നിന്നും ലഭിക്കുന്ന ടാക്‌സ് വരുമാനം കൊണ്ട് മാത്രം ജനങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും, അതിനാലാണ് യുദ്ധം അവസാനിപ്പിക്കേണ്ട ആവശ്യകതയുള്ളതെന്നും മാര്‍ട്ടിന്‍ വിശദമാക്കി.

ഊര്‍ജ്ജ വാറ്റ് വര്‍ദ്ധിപ്പിച്ചാല്‍ പ്രതിസന്ധിക്ക് ശേഷം വീണ്ടും 23% എന്ന നിരക്കിലേയ്ക്ക് വാറ്റ് മാറുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

അതേസമയം അയര്‍ലണ്ടില്‍ നിന്നും ഉക്രെയിനിലേയ്ക്ക് ആയുധങ്ങള്‍ അയയ്ക്കില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയുധങ്ങളല്ലാത്ത സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച നേരത്തെ പ്രവചിച്ചതിലും പതിയെ ആകുമെന്ന് ധനകാര്യമന്ത്രി പാസ്‌കല്‍ ഡോണഹുവും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എങ്കിലും ഈ വര്‍ഷം സാമ്പത്തികരംഗം വളര്‍ച്ചയുടെ പാതയില്‍ തന്നെയായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: