ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങൾ; അയർലണ്ട് 13-ആം സ്ഥാനത്ത്

ലോകത്ത് ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് മുന്‍പന്തിയില്‍. യുഎന്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്തിയ സര്‍വേയായ World Happiness index-ല്‍ 13-ആം സ്ഥാനമാണ് അയര്‍ലണ്ട് നേടിയിരിക്കുന്നത്.

വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ് പതിവ് പോലെ പട്ടികയില്‍ ഏറ്റവും മുന്നില്‍. ഫിന്‍ലന്‍ഡ് തുടര്‍ച്ചയായി അഞ്ചാം തവണയും പട്ടികയില്‍ ഒന്നാമതെത്തി.

രണ്ടാം സ്ഥാനം ഡെന്മാര്‍ക്കും, മൂന്നാം സ്ഥാനം ഐസ്ലന്‍ഡും കരസ്ഥമാക്കിയപ്പോള്‍ സ്വിറ്റ്‌സര്‍ലണ്ട് നാലാമതെത്തി. നെതര്‍ലണ്ട്‌സാണ് അഞ്ചാമത്.

ലോകത്ത് ഏറ്റവും സന്തോഷം കുറവുള്ള രാജ്യം പട്ടിക പ്രകാരം അഫ്ഗാനിസ്ഥാനാണ്. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ വീണ്ടും താലിബാന്‍ ഭീകരര്‍ അവിടെ ഭരണം പിടിച്ചെടുത്തിരുന്നു. അതേസമയം റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തിന് മുമ്പാണ് പട്ടിക തയ്യാറാക്കിയത് എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്.

യുദ്ധം വരുത്തിവയ്ക്കുന്ന അനന്തരഫലങ്ങളെപ്പറ്റി ഓര്‍മ്മപ്പെടുത്തുന്നതാണ് ഇതെന്ന് പട്ടിക തയ്യാറാക്കുന്നതില്‍ പങ്കാളിയായ Jan Emmanuel De Neve അഭിപ്രായപ്പെട്ടു.

ഇത് പത്താം വര്‍ഷമാണ് ഇത്തരത്തില്‍ World Happiness Report തയ്യാറാക്കുന്നത്. ജനങ്ങള്‍ സ്വയം തങ്ങള്‍ സന്തോഷമുള്ളവരാണോ എന്ന് തുറന്നു പറയുക, രാജ്യത്തിന്റെ ആകെ സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകള്‍ വിലയിരുത്തുക എന്നീ മാനദണ്ഡങ്ങളാണ് പട്ടിക തയ്യാറാക്കാനായി ഉപയോഗിക്കുന്നത്.

നേരത്തെ 15-ആം സ്ഥാനത്തായിരുന്ന അയര്‍ലണ്ട് ഇത്തവണ രണ്ട് നിലകള്‍ മെച്ചപ്പെടുത്തി. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി യുഎസ് 16-ആം സ്ഥാനത്തെത്തി. യു.കെ 17-ആം സ്ഥാനത്താണ്. 20-ആം സ്ഥാനത്തെത്തിയ ഫ്രാന്‍സ് ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്ക് നേട്ടം കൈവരിച്ചു. പട്ടികയില്‍ 136-ആം സ്ഥാനത്താണ് ഇന്ത്യ.

അഫ്ഗാന് തൊട്ടുമുകളിലായി സിംബാബ്വേ (144), ലെബനന്‍ (145) എന്നീ രാജ്യങ്ങളാണ്.

Share this news

Leave a Reply

%d bloggers like this: