അയർലണ്ടിൽ 19,866 പേർക്ക് കൂടി കോവിഡ്; ആൾക്കൂട്ടത്തിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി; ലിയോ വരദ്കർക്കും രോഗബാധ

കോവിഡ് പ്രതിസന്ധി രൂക്ഷമായ അയര്‍ലണ്ടില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 19,866 പേര്‍ക്ക്. ഇതോടെ ആള്‍ക്കൂട്ടങ്ങള്‍ പോലെ പെട്ടെന്ന് രോഗം പിടിപെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്.

നിലവില്‍ 1,466 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 55 പേര്‍ ഐസിയുവിലാണ്.

രോഗവ്യാപനം കൂടിയെങ്കിലും നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യാഴാഴ്ച എടുത്തത്. അതേസമയം ആള്‍ക്കൂട്ടങ്ങളിലും മറ്റും മാസ്‌ക് ധരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. നിയമപരമായി ഇതിന്റെ ആവശ്യമില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന.

കോവിഡ് സാഹചര്യം വീക്ഷിക്കുന്ന WHO-യുടെ Dr David Nabarro-യും മാസ്‌ക് ധരിക്കുക, കൈകള്‍ വൃത്തിയാക്കുക എന്നിവയുടെ പ്രാധാന്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അയര്‍ലണ്ടിലെ രോഗബാധ രൂക്ഷമാണെന്നാണ് WHO-യുെ വിലയിരുത്തല്‍.

ഇതിനിടെ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടെതിനെത്തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ പോസിറ്റിവ് റിസല്‍ട്ട് ലഭിക്കുകയായിരുന്നു. അദ്ദേഹം ഐസൊലേഷനിലാണെന്നും, നിലവില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വരദ്കറുടെ വക്താവ് അറിയിച്ചു. വരദ്കര്‍ വിര്‍ച്വലായി ഓഫിസ് പ്രവര്‍ത്തനത്തിലേര്‍പ്പെടുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും യുഎസില്‍ വച്ച് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈയാഴ്ച ആദ്യം നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കും കോവിഡ് ബാധിച്ചു. ആരോഗ്യമന്ത്രി സ്റ്റാഫന്‍ ഡോനലിക്ക് ഈ ആഴ്ച ആദ്യം രോഗലക്ഷണം ഉണ്ടായിരുന്നെങ്കിലും ടെസ്റ്റില്‍ നെഗറ്റീവ് റിസല്‍ട്ടാണ് ലഭിച്ചത്.

Share this news

Leave a Reply

%d bloggers like this: