അയർലൻഡിൽ മൂന്നു ദിവസത്തിനിടെ രേഖപ്പെടുത്തിയത് നാൽപ്പതിനായിരത്തിനടുത്ത് കോവിഡ് കേസുകളെന്ന് HSE

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ അയർലൻഡിൽ രേഖപ്പെടുത്തിയത് നാൽപ്പതിനായിരത്തിനടുത്ത് കോവിഡ് കേസുകളെന്ന് എച്ച്എസ്ഇയുടെ പോർട്ടൽ കണക്കുകൾ.ശനിയാഴ്ച മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിൽ 39,561 പുതിയ കോവിഡ് കേസുകളാണ് എച്ച്എസ്ഇയുടെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.

ശനിയാഴ്ച 15,460 കേസുകൾ , ഞായറാഴ്ച 12,372 , തിങ്കളാഴ്ച 11,729 എന്നിങ്ങനെയാണ് കണക്കുകൾ.

വർദ്ധിക്കുന്ന കോവിഡ് കേസുകൾ പൊതുജനാരോഗ്യ സംവിധാനത്തിൽ സമ്മർദ്ദമേറ്റുന്നത് ലഘൂകരിക്കാൻ എച്ച്എസ്ഇ നടപടികൾ സ്വീകരിക്കുമെന്ന് HSE director general Paul Reid പറഞ്ഞു. കോവിഡ് കാരണം ആശുപത്രി ജീവനക്കാരുടെ ഹാജർനില താഴുന്നതും സമ്പൂർണ സ്പെഷ്യാലിറ്റി ടീമുകളുടെ അസാന്നിധ്യവും സ്വകാര്യ ആശുപത്രികളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോവിഡ് കേസുകളിലെ വർധന റെസിഡൻഷ്യൽ കെയർ സംവിധാനങ്ങളെയും ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി , 67 ശതമാനം ഇടങ്ങളിലും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

മുൻകരുതൽ നടപടികളെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ദ്ധരിൽ നിന്നും ചീഫ് മെഡിക്കൽ ഓഫീസറിൽ നിന്നും എച്ച്എസ്ഇ ഉപദേശം സ്വീകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ നിരവധി നിർദ്ദേശങ്ങളാണ് ആരോഗ്യ വിദഗ്ദ്ധർ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

നിലവിൽ ആശുപത്രികളിൽ കഴിയുന്ന 35 ശതമാനം കോവിഡ് രോഗികളും വാക്സിൻ എടുക്കാത്തവരാണെന്നും കൂടാതെ ഐസിയുവിലുള്ള 50 ശതമാനം പേർക്ക് ബൂസ്റ്റർ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു . ബൂസ്റ്റർ വാക്സിൻ ലഭിക്കാൻ അർഹരായ 720,000 ആളുകൾ ഇപ്പോൾ അയർലൻഡിലുണ്ട് ഇവർ എത്രയും പെട്ടന്ന് വാക്‌സിൻ സ്വീകരിക്കണമെന്നും HSE ഡയറക്ടർ ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: