സർക്കാരിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ ലക്ഷ്യം കാണുമോ? അയർലണ്ടിലെ കാർബൺ പുറന്തള്ളൽ 15% വർദ്ധിച്ചു

അയര്‍ലണ്ടിലെ വൈദ്യുതി നിര്‍മ്മാണ ശാലകളില്‍ നിന്നും, വ്യാവസായിക കമ്പനികളില്‍ നിന്നുമുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കഴിഞ്ഞ വര്‍ഷം 15% ഉയര്‍ന്നു. Environmental Protection Agency (EPA) നടത്തിയ പ്രാരംഭ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. യൂറോപ്പിലാകമാനം കാര്‍ബണ്‍ പുറന്തള്ളല്‍ 9.1% വര്‍ദ്ധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആകെ പുറന്തള്ളിയ പുകയില്‍ 2 മില്യണ്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അയര്‍ലണ്ടില്‍ വൈദ്യുതി നിര്‍മ്മാണത്തിനായി കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിച്ചതാണ് പുറന്തള്ളല്‍ കുത്തനെ ഉയരാന്‍ കാരണം.

ഇതോടെ 2030 ആകുമ്പോഴേയ്ക്കും രാജ്യത്തെ കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയാക്കി കുറയ്ക്കുമെന്ന സര്‍ക്കാര്‍ വാദത്തിന് മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ക്ലൈമറ്റ് ആക്ഷന്‍ പ്ലാന്‍ ലക്ഷ്യം കാണാനുള്ള സാധ്യത വളരെ കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

കാറ്റ് ഉപയോഗിച്ച് വൈദ്യുതി (Wind Mill) ഉണ്ടാക്കുന്നത് കുറഞ്ഞതും, ഗ്യാസ് ഉപയോഗിച്ച് വൈദ്യുതിയുണ്ടാക്കുന്ന പല പ്ലാന്റുകളും പ്രവര്‍ത്തനം നിര്‍ത്തിയതുമാണ് വൈദ്യുതി നിര്‍മ്മാണത്തിനായി കാര്‍ബണ്‍ അധിഷ്ഠിത ഇന്ധനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രേരണയായത്. രാജ്യത്തെ വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചതും മറ്റൊരു കാരണമായി. ഇതോടെ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി നിര്‍മ്മിക്കുന്ന പ്ലാന്റുകള്‍ പോലും പ്രവര്‍ത്തിപ്പിക്കേണ്ട സ്ഥിതി വന്നതായും Environmental Protection Agency (EPA) ചൂണ്ടിക്കാട്ടി.

EU emission trading system (ETS) അനുസരിച്ച് അയര്‍ലണ്ടിലെ 105 പ്രധാന കേന്ദ്രങ്ങളാണ് തങ്ങള്‍ പുറന്തള്ളിയ വാതകങ്ങളുടെ അളവ് വ്യക്തമാക്കേണ്ടത്. വൈദ്യുതി നിലയങ്ങള്‍, സിമന്റ് നിര്‍മ്മാണ കേന്ദ്രങ്ങള്‍, ചുണ്ണാമ്പ് നിര്‍മ്മാണ ഫാക്ടറികള്‍, ഓയില്‍ റിെൈഫെനിങ് കമ്പനികള്‍ എന്നിവ ഇതില്‍ പെടുന്നു. ഭക്ഷണം, പാനീയം എന്നിവ നിര്‍മ്മിക്കുന്ന വന്‍കിട കമ്പനികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവയും സമാനമായ കണക്ക് ഹാജരാക്കണമെന്നാണ് ചട്ടം. വൈദ്യുതി നിലയങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇത്തരം കമ്പനികളില്‍ നിന്നുള്ള പുറന്തള്ളല്‍ 7% ആണ് വര്‍ദ്ധിച്ചത്. ഇതില്‍ തന്നെ സിമന്റ് നിര്‍മ്മാണ കമ്പനികളുടെ മാലിന്യം പുറന്തള്ളല്‍ 17% ആയി കുതിച്ചുയര്‍ന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ ഇത് 3% ആണ്.

ഇത്തരം കമ്പനികളിലെ കാര്‍ബണ്‍ പുറന്തള്ളല്‍ 2017-2019 കാലഘട്ടത്തില്‍ കുറഞ്ഞിരുന്നതാണെന്നും, എന്നാല്‍ കോവിഡിന്റെ വരവോടെ ഉയര്‍ന്നുവെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാലിന്യം പുറന്തള്ളുന്നത് കുറയ്ക്കാന്‍ അടിന്തര നടപടികള്‍ കൈക്കൊള്ളണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും EPA ഡയറക്ടര്‍ ജനറലായ ലോറ ബര്‍ക് പറഞ്ഞു.

European Economic Area-യില്‍ വ്യോമഗതാഗത മേഖലയില്‍ നിന്നുള്ള പുക പുറന്തള്ളല്‍ 2020-നെ അപേക്ഷിച്ച് 2021-ല്‍ 11% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: