ഈസ്റ്ററിന് കാഡ്ബറിയുടെ വക ഒരു കുട്ട ചോക്ലേറ്റ് ഫ്രീ; മെസേജ് വ്യാജമെന്ന് കമ്പനി

വരുന്ന ഈസ്റ്ററിന് കാഡ്ബറിയില്‍ (Cadbury) നിന്നും ഒരു കുട്ട ചോക്കലേറ്റുകള്‍ ഫ്രീയായി ലഭിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന മെസേജുകള്‍ വ്യാജമെന്ന് കമ്പനി. സോഷ്യല്‍ മീഡിയയിലാണ് ഇത് സംബന്ധിച്ചുള്ള മെസേജുകള്‍ പ്രചരിക്കുന്നതെന്നും, കമ്പനി അത്തരം ഓഫറുകളൊന്നും നല്‍കുന്നില്ലെന്നും കാഡ്ബറി വ്യക്തമാക്കി.

ഫ്രീയായി ചോക്കലേറ്റ് ലഭിക്കാനായി ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ പറയുന്ന തരത്തിലാണ് മെസേജ്. ഇതില്‍ ക്ലിക്ക് ചെയ്യരുതെന്നും, പ്രശ്‌നം പരിഹരിക്കാനായി തങ്ങള്‍ ശ്രമിക്കുകയാണെന്നും കമ്പനി അറിയിച്ചു.

യു.കെയിലും സമാനമായ ഒരു വ്യാജസന്ദേശം പ്രചരിക്കുന്നതിനെത്തുടര്‍ന്ന് പൊലീസ് പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത് സ്വകാര്യ വിവരങ്ങള്‍ ചോരാന്‍ ഇടയാക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്.

കോവിഡ് മാഹാമാരി കാരണമുള്ള അനിശ്ചിതത്വം മുതലെടുത്ത് തട്ടിപ്പുകാര്‍ ഇത്തരം വ്യാജസന്ദേശങ്ങള്‍ അയയ്ക്കുന്നത് പതിവാക്കിയിരിക്കുകയാണെന്ന് സൈബര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നു. സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവുടെയെല്ലാം പേരുപയോഗിച്ച് ഇത്തരം വ്യാജ മെസേജുകള്‍ തട്ടിപ്പുകാര്‍ അയയ്ക്കാറുണ്ട്.

വലിയ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന തരത്തില്‍ ലഭിക്കുന്ന എല്ലാ മെസേജുകളും വ്യാജമാണെന്നും, അതാണ് തട്ടിപ്പ് സന്ദേശങ്ങള്‍ തിരിച്ചറിയാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമെന്നും അധികൃതര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: