അയർലണ്ടിലെ പണപ്പെരുപ്പം ഈ വർഷം 6.75% ആകുമെന്ന് പാസ്കൽ ഡോണഹ്യു; ഇന്ധനവില ഇനിയും വർദ്ധിച്ചാൽ 9% വരെയെന്നും മന്ത്രി

രാജ്യത്തെ പണപ്പെരുപ്പം ഈ വര്‍ഷം 6.75 ശതമാനത്തിലേയ്ക്ക് എത്തിയേക്കുമെന്ന മുന്നറിയിപ്പുമായി ധനമന്ത്രി പാസ്‌കല്‍ ഡോണഹ്യു. അതേസമയം ഓയിലിന്റെയും, ഗ്യാസിന്റെയും വില ഇനിയും വര്‍ദ്ധിച്ചാല്‍ പണപ്പെരുപ്പം 9 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നും അദ്ദേഹം പറയുന്നു.

ഈ വര്‍ഷം ശരാശരി 6 ശതമാനവും, വര്‍ഷത്തിന്റെ രണ്ടാം പാദത്തോടെ 6.7 ശതമാനവും പണപ്പെരുപ്പം പ്രതീക്ഷിക്കുന്നതായാണ് ഡോണഹ്യു പറയുന്നത്. ഇന്ധന വില വര്‍ദ്ധനയ്ക്ക് പുറമെ അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനയും ഇതിന് കാരണമാകും.

2022-ലെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച് നേരത്തെ തയ്യാറാക്കിയ പ്രവചന റിപ്പോര്‍ട്ട് തിരുത്തിയതായും മന്ത്രി പറഞ്ഞു. ഇതോടെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച 4.25% ആയേക്കുമെന്നാണ് പുതിയ പ്രവചനം. 2021-ല്‍ ഇത് 4% ആയിരുന്നു.

വാര്‍ഷിക തൊഴിലില്ലായ്മ 6.25% ആകുമെന്നും, വര്‍ഷാന്ത്യത്തില്‍ അത് 5.5 ശതമാനത്തില്‍ എത്തുമെന്നും സര്‍ക്കാരിന്റെ Stability Programme Update 2022 പുറത്തിറക്കവേ മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. റഷ്യ-ഉക്രെയിന്‍ യുദ്ധം കാരണമുണ്ടായ അസ്ഥിരത സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ട് വലിക്കുമെങ്കിലും, മുരടിപ്പിക്കുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 8 ബില്യണ്‍ യൂറോയുടെ ധനക്കമ്മിയാണ് സര്‍ക്കാരിന് ഉണ്ടായതെന്നും, ഈ വര്‍ഷം 2 ബില്യണ്‍ യൂറോയുടെ കമ്മി കൂടി നേരിടുമെന്നാണ് കരുതുന്നതെന്നും ഡോണഹ്യു വ്യക്തമാക്കി.

അതേസമയം കോവിഡുമായി ബന്ധപ്പെട്ട ചേലവുകള്‍ കുറയുന്നതോടെ അടുത്ത വര്‍ഷം ധനക്കമ്മിയ്ക്ക് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: