ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ ഒറ്റക്ക് ചുമലിൽ പേറിയ സച്ചിൻ: 49-ആം ജന്മദിനത്തിൽ സച്ചിന്റെ കാലം ഓർക്കുന്നു

മനീഷ് മധുസൂദൻ

അയാൾക്ക് മുൻപും പിൻപും ഇവിടെ ക്രിക്കറ്റ് ഉണ്ടായിരുന്നു…
പക്ഷേ ആ മനുഷ്യൻ കളിച്ച കാലത്തെ ഒരു ക്രിക്കറ്റ് ഉണ്ട്… ഒരു കാലമുണ്ട്..

അവിടെ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്നങ്ങളെ ഒറ്റക്ക് ചുമലിൽ പേറി അയാളൊരു ഒറ്റമരത്തണലായ്‌ നിന്ന കാലം…

അയാളുടെ പ്രകടനത്തിന്റെ ഏറ്റക്കുറച്ചിലുകൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു ജനതയുടെ നെഞ്ചിടിപ്പുകളെ പോലും നിയന്ത്രിച്ച ഒരു കാലം..

രാജ്യത്ത് ജനിച്ചു വീഴുന്ന ഓരോ കുട്ടികൾക്കും ക്രിക്കറ്റ് എന്ന വികാരം ചെറുപ്പത്തിലേ മുള പൊട്ടാൻ കാരണമായ ഒരു കാലം..

അയാളുപയോഗിക്കുന്ന പേരുള്ള ബാറ്റ് കൊണ്ട് കളിച്ചാൽ തോൽവി അറിയില്ല എന്നും, അയാൾ കുടിക്കുന്ന എനർജി ഡ്രിങ്ക്കൾ കഴിച്ചാൽ കരുത്തനാവാം എന്നും കരുതിയ ഒരു കാലം..

അയാളുടെ കളി കാണാൻ അസുഖം നടിച്ചു പോലും സ്കൂളിൽ പോകാതെ ഇരുന്ന കാലം..

കിട്ടുന്ന പത്രങ്ങളിൽ നിന്നും സ്പോർട്സ് മാസികകളിൽ നിന്നും ആ മനുഷ്യന്റെ ചിത്രങ്ങൾ വെട്ടിയെടുത്ത് ആൽബങ്ങൾ ഉണ്ടാക്കിയ,
എഴുതാൻ വാങ്ങുന്ന ബുക്കുകളിൽ പോലും ആ മനുഷ്യന്റെ പടമുള്ള പുറം ചട്ടകൾ തേടി പിടിച്ച ഒരുകാലം…

അയാൾ വിജയിക്കുമ്പോൾ ഒപ്പം ആഹ്ലാദിക്കുകയും, പരാജയപ്പെടുമ്പോൾ ഒപ്പം കണ്ണീരോഴുക്കുകയും ചെയ്തൊരു കാലം..

കോഴവിവാധത്തിൽ പെട്ട് തർന്നടിഞ്ഞ ഒരു ടീമിനെ ഒറ്റക്ക്‌ ഉയിർത്തെഴുന്നേൽപ്പിച്ചപ്പോൾ അയാളെ ലോകം, ക്രിക്കറ്റ് ദൈവം എന്ന് വിശേഷിപ്പിച്ച കാലം…

അച്ഛന്റെ മരണത്തിന്റെ തൊട്ടടുത്ത ദിവസം പോലും രാജ്യത്തിനായി നിർണായക മത്സരം കളിച്ചു സെഞ്ചുറി നേടി ആകാശത്തേക്ക് നോക്കി ബാറ്റുയർത്തി നിറകണ്ണുകളോടെ “ഇത് നിങ്ങൾക്ക് വേണ്ടി അച്ഛാ” എന്ന് പറഞ്ഞ ഒരു കാലം…

അമ്പയറുടെ തെറ്റായ തീരുമാനം കൊണ്ട് പുറത്താകുമ്പോഴും, അപകടകരമാം വിധം ബീമർ എറിഞ്ഞ ബോളറെ ഒരു വാക്ക് കൊണ്ടോ നോക്ക് പോലും വേദനിപ്പിക്കാതെ അയാൾ തിരിഞ്ഞു നടന്ന ഒരു കാലം…

റെക്കോഡുകളുടെ പെരുമഴ തീർക്കുമ്പോഴും സ്വാർത്ഥൻ എന്ന് മുദ്ര കുത്തിയ വിമർശകർക്ക് നേരെ ഒന്നും ഒരു വാക്ക് കൊണ്ട് പോലും തിരിച്ചൊന്നും പറയാതെ തന്നിൽ ഏൽപിച്ച ഉത്തരവാദിത്തങ്ങൾ അയാൾ , അങ്ങേയറ്റം ആത്മാർത്ഥമായി ചെയ്തിരുന്ന ഒരു കാലം…

2003 ലെ മറക്കാനഗ്രഹിക്കുന്ന ആ ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം , സർ ഗ്യാരി സോബേർസിന്റെ കയ്യിൽ നിന്നും മാൻ ഓഫ് ദി സീരീസിനുള്ള സ്വർണ്ണ ബാറ്റ് സ്വീകരിക്കുമ്പോൾ നിർനിമേഷനായി നിന്ന ഇടത്തിൽ നിന്നും എട്ട് വർഷങ്ങൾക്കു അപ്പുറം തന്റെ സ്വപ്ന സാക്ഷ്തകാരം എന്ന് പറഞ്ഞ അതേ ലോകകപ്പ് നേടിയപ്പോൾ യുവരാജിനെ കെട്ടിപ്പിടിച്ച് സന്തോഷാശ്രുക്കൾ പൊഴിച്ച കാലം..

ഒടുവിൽ തന്റെ ക്രിക്കറ്റ് യാത്ര തുടങ്ങിയ വാങ്കടയിലെ പിച്ചിൽ നിന്നും 24 വർഷങ്ങൾക്കു അപ്പുറം തന്റെ അവസാന മത്സരം കളിച്ചു പിച്ച് തൊട്ടു വണങ്ങി കണ്ണീരോടെ മടങ്ങുമ്പോഴും ക്രിക്കറ്റിലേക്ക് കൈ പിടിച്ചു ഉയർത്തിയവരെ തുടങ്ങി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനെ വരെ ഓർത്തെടുത്തു നന്ദി പറഞ്ഞ ഒരു കാലം…

ഇൗ കഴിഞ്ഞു പോയ കാലങ്ങൾ ഒന്നും ഇനി തിരിച്ചു വരില്ല എങ്കിൽ പോലും… അതിനൊരു പ്രത്യേകത ഉണ്ടായിരുന്നു… ക്രിക്കറ്റിനെ സ്നേഹിക്കുന്ന എന്നെപ്പോലെ ഉള്ളവർക്ക് നിങ്ങൾ ആരായിരുന്നു എന്ന് തെളിയിച്ച കാലാമാണത്..

കളിക്കളത്തിൽ നിന്ന് നിങ്ങൾക്ക് അനിവാര്യമായ മടക്കം ഉണ്ടായി എങ്കിൽ പോലും നിങ്ങളോളം എന്നിൽ ക്രിക്കറ്റ് എന്ന വികാരത്തിനേ വേരാഴ്ത്താൻ മറ്റൊന്നിനും ആയിട്ടില്ല….

എന്റെ ഓർമകളുടെ ക്രീസിൽ നിങ്ങളിപ്പൊഴും MRF ന്റെ ആ ഭാരമേറിയ ബാറ്റേന്തി സ്റ്റാൻസ് എടുക്കുന്നുണ്ട് സച്ചിൻ…❤️

നന്ദി സച്ചിൻ,
എന്‍റെ ബാല്യവും, കൗമാരവും, യൗവ്വനവും ക്രിക്കറ്റിനാൽ സമ്പന്നമാക്കിയതിന്, 💚

സ്വപ്നം കാണാനും അത് നേടിയെടുക്കാൻ കുറുക്കുവഴികൾ ഇല്ലെന്നും പഠിപ്പിച്ചതിന്.💙

ക്രിക്കറ്റിനെ ഇങ്ങനെ നെഞ്ചോടു ചേർത്ത് പിടിക്കാൻ കാരണമായതിന്..💙

ഒരായിരം ജന്മദിനാശംസകള്‍. ❤️

Share this news

Leave a Reply

%d bloggers like this: