ഗാർഡയിൽ ചേരാൻ അപേക്ഷിക്കുന്ന വംശീയ ന്യൂനപക്ഷക്കാരുടെ എണ്ണത്തിൽ വർദ്ധന

ഗാര്‍ഡ സേനയില്‍ ചേരാനായി അപേക്ഷ നല്‍കുന്ന വംശീയന്യൂനപക്ഷക്കാരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഈയിടെ ഗാര്‍ഡ നടത്തിയ പ്രത്യേക റിക്രൂട്ട്‌മെന്റ് കാംപെയിന്‍ ഇവരെക്കൂടി ലക്ഷ്യമിട്ടുള്ളതായിരുന്നു. കാംപെയിന്‍ വിജയമായതായി വ്യക്തമാക്കുന്നതാണ് Public Appointments Service-ന്റെ പുതിയ റിപ്പോര്‍ട്ട്.

2019-ല്‍ ഗാര്‍ഡ നടത്തിയ അവസാന റിക്രൂട്ട്‌മെന്റ് കാംപെയിനില്‍ പങ്കെടുത്ത ആകെ ആളുകളില്‍ 88% പേരും ‘വൈറ്റ് ഐറിഷ്’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ കാംപെയിനില്‍ അവരുടെ എണ്ണം 77% ആയി കുറഞ്ഞു. 5% പേരാണ് ഏഷ്യന്‍/ഏഷ്യന്‍ ഐറിഷ് എന്നീ വിഭാഗങ്ങളില്‍ നിന്നായി അപേക്ഷ നല്‍കിയത്. 2019-ല്‍ ഇവരുടെ എണ്ണം 2% മാത്രമായിരുന്നു.

ഗാര്‍ഡയില്‍ ചേരാനായി അപേക്ഷിക്കുന്ന അയര്‍ലണ്ടിലെ ട്രാവലര്‍ വിഭാഗക്കാരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. അതേസമയം ‘മറ്റ് വെളുത്ത വിഭാഗക്കാര്‍’ എന്ന ഗണത്തില്‍ വരുന്നവരുടെ അപേക്ഷകള്‍ കുറയുകയും ചെയ്തു.

അപേക്ഷകരുടെ എണ്ണം വംശം തിരിച്ച് കൃത്യമായി വെളിവാകാത്തതിന് കാരണം ഇതില്‍ 10% പേര്‍ തങ്ങളുടെ വംശത്തെ പറ്റിയുള്ള വിവരങ്ങളൊന്നും നല്‍കാത്തതാണ്. 2019-ല്‍ ഇങ്ങനെ ചെയ്തത് 2% മാത്രമായിരുന്നു.

ആകെ പേക്ഷകരില്‍ 40% പേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

11,075 പേര്‍ സ്റ്റുഡന്റ് ഗാര്‍ഡയായി ജോലി ചെയ്യാനും അപേക്ഷിച്ചിട്ടുണ്ട്. 2019-ല്‍ ഇത് 5,197 ആയിരുന്നു. 2022-ല്‍ 800 പേരെ നിയമിക്കാനാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: