വിവാഹത്തിന് ഹോട്ടൽ ബുക്ക് ചെയ്യാനെത്തിയ ട്രാവലർ വിഭാഗക്കാരിയോട് വിവേചനം; 5,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധി

വിവാഹം നടത്താനായി ഹോട്ടല്‍ ബുക്കിങ്ങിനെത്തിയ ട്രാവലര്‍ വിഭാഗക്കാരിയായ യുവതിയോട് വിവേചനം കാണിച്ചുവെന്ന പരാതിയില്‍, ഹോട്ടല്‍ ഉടമകളോട് യുവതിക്ക് 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ WRC വിധി. 2019 ജൂലൈ 20-നാണ് യുവതി തന്റെ വിവാഹം ഹോട്ടലില്‍ വച്ച് നടത്താനായി കാര്യങ്ങളന്വേഷിച്ച് ഹോട്ടലിന് ഇമെയില്‍ സന്ദേശം അയയ്ക്കുന്നത്. ഹോട്ടലിലെ മറ്റ പരിപാടികള്‍ കൂടി പരിഗണിച്ച് വിവാഹത്തിന്റെ തീയതി നിശ്ചയിക്കാവുന്നതാണെന്നും ഇമെയിലില്‍ യുവതി പറഞ്ഞിരുന്നു.

തുടര്‍ന്ന് ഹോട്ടലിലെ സൗകര്യങ്ങള്‍ കാണാനായി എത്താന്‍ യുവതിയോട് ഹോട്ടലിലെ വെഡ്ഡിങ് കോര്‍ഡിനേറ്റര്‍ പറഞ്ഞു. ഈ സമയം തീയതികളെപ്പറ്റി യുവതി വീണ്ടും അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. പകരം ക്ഷണിതാക്കളുടെ എണ്ണവും, യുവതിയുടെ കുടുംബപ്പേരും ചോദിച്ചു. ട്രാവലര്‍ വിഭാഗത്തിന് സാധാരണയായി കണ്ടുവരുന്ന കുടുംബപ്പേരായിരുന്നു പരാതിക്കാരിയുടേത്.

പിന്നീട് ഹോട്ടല്‍ കാണാനായി എത്തിയപ്പോഴും ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. കോര്‍ഡിനേറ്റര്‍ ശരിയായി സംസാരിക്കാന്‍ കൂട്ടാക്കാതെ അകന്നു നില്‍ക്കുന്നത് പോലെ തോന്നിയതായും യുവതി പരാതിയില്‍ പറയുന്നു. കോര്‍ഡിനേറ്ററെ കാണാനായി അധിക സമയം കാത്തിരിക്കേണ്ടിയും വന്നു.

തിരികെയെത്തി ശേഷം ഹോട്ടല്‍ കണ്ട് ഇഷ്ടപ്പെട്ടുവെന്നും, ഏതൊക്കെ തീയതികളിലാണ് വിവാഹത്തിനായി ബുക്കിങ് നടത്താനാകുക എന്നും ചോദിച്ച് യുവതി വീണ്ടും ഇമെയില്‍ അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. തുടര്‍ന്ന് രണ്ട് മാസം കാത്തിരുന്ന യുവതി ഒക്ടോബറില്‍ Equal Status Act പ്രകാരം ഹോട്ടലിന് പരാതി നല്‍കിയതോടെ അവര്‍ മറുപടി തരികയും, വൈകിയതിന് ക്ഷമ ചോദിക്കുകയും ചെയ്തു. ആശയ വിനിമയത്തിലെ കുഴപ്പം കാരണമാണ് പ്രശ്‌നമുണ്ടായതെന്നും ഹോട്ടലുകാര്‍ പറഞ്ഞു.

എന്നാല്‍ താന്‍ നേരത്തെ കാര്യങ്ങളെല്ലാം കോര്‍ഡിനേറ്ററോട് സംസാരിച്ചതാണെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. പിന്നീടെങ്ങനെയാണ് ആശയവിനിമയം ശരിയായില്ലെന്ന് പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും യുവതി പറഞ്ഞു.

തുടര്‍ന്നാണ് താന്‍ ട്രാവലര്‍ വിഭാഗത്തില്‍ പെട്ട ആളായതുകൊണ്ട് ഹോട്ടലുകാര്‍ മനഃപ്പൂര്‍വ്വം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് കാട്ടി യുവതി, Workplace Relations Commission (WRC)-ന് പരാതി നല്‍കിയത്.

എന്നാല്‍ ഹോട്ടലുകാര്‍ WRC വിചാരണയില്‍ ഇക്കാര്യം നിഷേധിച്ചു. കൃത്യമായി മറുപടി നല്‍കാത്തത് കോര്‍ഡിനേറ്റര്‍ രണ്ട് മാസത്തോളം അവധിയെടുത്തതിനാലാണ് എന്നും അവര്‍ വാദിച്ചു.

അതേസമയം കോര്‍ഡിനേറ്റര്‍ അവധിയായിരുന്നു എന്നത് യുവതിയുടെ ഇമെയിലിന് മറുപടി നല്‍കാതിരിക്കാനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് WRC-യിലെ adjudication officer ആയ Marie Flynn വ്യക്തമാക്കി. ട്രാവലര്‍ വിഭാഗക്കാരിയായതിനാല്‍ ഹോട്ടലുകാര്‍ വിവേചനം കാണിച്ചുവെന്നാണ് മനസിലാക്കുന്നതെന്നും അവര്‍ വിധിയില്‍ പറഞ്ഞു. തുടര്‍ന്നാണ് യുവതിക്ക് 5,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

ഹോട്ടലിന്റെയോ, യുവതിയുടെയോ പേര് വിധിപ്രസ്താവത്തില്‍ പുറത്ത് വിട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: