ജൂനിയര്‍, ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; പരീക്ഷയെഴുതുന്നത് 130000 ത്തോളം കുട്ടികള്‍‍

അയര്‍ലന്‍ഡിലെ ജൂനിയര്‍, ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. മൂന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് മുഴുവന്‍ കുട്ടികളെയും നേരിട്ട് പങ്കെടുപ്പിച്ചുള്ള പരീക്ഷ രാജ്യത്ത് നടക്കുന്നത്. ലീവിങ് സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 60000 ലധികം കുട്ടികള്‍ ഇത്തവണ പരീക്ഷയെഴുതും. ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് വിഭാഗത്തില്‍ 68000 ത്തോളം കുട്ടികളും പരീക്ഷയെഴുതുമെന്ന് അധികൃതര്‍ അറിയിച്ചു. 2019 ലെ കണക്കുകളേക്കാള്‍ ആറ് ശതമാനത്തോളം കൂടുതലാണ് ഇത്തവണ പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണം. 5,575 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരുന്നു ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ നടത്തിയിരുന്നത്. ജൂനിയര്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ ഈ രണ്ടു വര്‍ഷങ്ങളിലും നടത്തിയിരുന്നില്ല. കോവിഡ് മൂലം പഠന പ്രവര്‍ത്തനങ്ങളിലും, ക്ലാസുകളിലും തടസ്സം നേരിട്ടതിനാല്‍ ഇത്തവണത്തെ പരീകഷയില്‍ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കാനും, ചോയ്സുകളുടെ എണ്ണം കൂട്ടാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ നിയമപ്രകാരം കോവിഡ് ബാധിതരായതും, ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് ഹാജരാവേണ്ടതില്ല. എട്ടു ദിവസം ഇവര്‍ പരീക്ഷാ വേദികളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. കോവിഡ്ബാധിതര്‍ക്കും, ഗുരുതര അപക‍ടങ്ങള്‍ സംഭവിച്ച വിദ്യാര്‍ഥികള്‍ക്കുമായി ജൂണ്‍ 30 മുതല്‍ 16 വരെയുള്ള തീയ്യതികളിലായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സ്റ്റേറ്റ് എക്സാമിനേഷന്‍ കമ്മീഷന്‍(SEC) അറിയിച്ചു.

ഈ വര്‍ഷത്തെ ലീവിങ് സര്‍ട്ടിഫിക്കറ്റ് പരീക്ഷാഫലം എത്രയും പെട്ടെന്നു തന്നെ പ്രഖ്യാപിക്കുമെന്നും SEC അറിയിച്ചിട്ടുണ്ട്. ഇത്തവണ പരീക്ഷയെഴുതുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തില്‍ പരീക്ഷാ ഡ്യൂട്ടിക്കായി കൂടുതല്‍ ഉദ്യോഗസ്ഥരുടെയും ആവശ്യമുണ്ടെന്നും, അതിനാല്‍ അദ്ധ്യാപകര്‍ പരീക്ഷാ ഡ്യൂട്ടികള്‍ക്കായി മുന്നിട്ടിറങ്ങണമെന്നും SEC ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: