Tipperary -യിലെ വീട്ടിൽ വൃദ്ധദമ്പതികളുടെ ഒരു വർഷത്തോളം പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി

Tipperary കൗണ്ടിയിലെ ഒരു വീട്ടില്‍ വൃദ്ധദമ്പതികളുടെ മൃതശരീരം കണ്ടെത്തി. മൃതദേഹങ്ങള്‍ക്ക് ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് ഗാര്‍ഡയുടെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഗാര്‍ഡ വീട്ടില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവര്‍ക്കും 70 നും 80 നും ഇടയിലാണ് പ്രായം കണക്കാക്കിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ മരണത്തില്‍ ദുരൂഹതകളൊന്നം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഗാര്‍ഡ നല്‍കുന്ന വിവരം.

മൃതദേഹങ്ങള്‍ ഇവിടെ നിന്നും വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ചീഫ് സ്റ്റേറ്റ് പതോളജിസ്റ്റ് ഡോക്ടര്‍ Dr Linda Mulligan ന്റെ നേതൃത്വത്തില്‍ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പഴക്കമുള്ള മൃതദേഹങ്ങളായതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടി ദിവസങ്ങളോളം നീണ്ടുനിന്നേക്കാം. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു.

ഇംഗ്ലണ്ടില്‍ നിന്നും Tipperary യിലെ Clonmel ല്‍ എത്തിയ ഇവര്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ വീട്ടില്‍ താമസമാരംഭിച്ചതെന്നാണ് പരിസരവാസികള്‍ നല്‍കുന്ന വിവരം. പ്രദേശവാസിയായ ഒരാളില്‍ നിന്നുമായിരുന്നു ഇവര്‍ വീട് വാങ്ങിയത്. താമസമാരംഭിച്ചത് മുതല്‍ പുറംലോകവുമായി ഇവര്‍ വലിയരീതിയില്‍ ബന്ധം സൂക്ഷിച്ചിരുന്നില്ലെന്നും, അപൂര്‍വ്വമായി മാത്രമേ വീടിന് പുറത്തിറങ്ങാറുളളു എന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല വീട് വില്‍ക്കാനായി ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

ഏറെ നാളായി ഇരുവരെയും പുറത്ത് കാണാത്തതോടെ ഇവര്‍ വീട് വിറ്റ് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയതായി നാട്ടുകാര്‍ കരുതി. എന്നാല്‍ വീടിന് പുറത്ത് ഇവരുടെ കാര്‍ ഉപയോഗിക്കാതെ കിടക്കുന്നത് കണ്ടതോടെ സംശയം തോന്നിയ ഒരാള്‍ ഗാര്‍ഡയെ വിവരമറിയിക്കുകയും, വീട്ടില്‍ പരിശോധന നടത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ‍ രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്.

Share this news

Leave a Reply

%d bloggers like this: