തുടർച്ചയായി വമ്പൻ ടീമുകളെ വിറപ്പിച്ച് ഐറിഷ് ക്രിക്കറ്റ് ടീം

ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ചതിന് പിന്നാലെ ന്യൂസീലൻഡിനെതിരെയും
തകർപ്പൻ പ്രകടനം പുറത്തെടുത്ത് അയർലൻഡ് ക്രിക്കറ്റ് ടീം. തകർപ്പൻ ചെയ്സിങ് കണ്ട കളിയിൽ ന്യൂസിലൻഡ് മുൻപോട്ടുവെച്ച 360 റൺസ് പിന്തുടർന്ന അയർലൻഡ് ജയത്തിന് ഒരു റൺസ് അകലെ വീണു. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ അയർലൻഡ് അടിച്ചുകൂട്ടിയത് 359 റൺസ്.അയർലൻഡിന് ജയിക്കാൻ അവസാന ഓവറിൽ 10 റൺസ് ആണ് വേണ്ടിയിരുന്നത്. എന്നാൽ അയർലൻഡിന് നേടാനായത് 8 റൺസും.

പോൾ സ്റ്റിർലിങ് 103 പന്തിൽ നിന്ന് 120 റൺസ് നേടി, 14 ഫോറും 5 സിക്സും ഉൾപ്പെട്ടതാണ് ഇന്നിങ്‌സ്. ഹാരി ടെക്റ്റർ 106 പന്തിൽ നിന്ന് 7 ഫോറും 5 സിക്സും പറത്തി 108 റൺസ് നേടി സ്റ്റിർലിങിന് ഉറച്ച പിന്തുണ നൽകി.
ഏകദിന ക്രിക്കറ്റിലെ കരുത്തരായ കിവീസിനെതിരെ അയര്‍ലൻഡ് തിളക്കമാർന്നൊരു വിജയം പ്രതീക്ഷിച്ചെങ്കിലും അയർലൻഡിന്റെ ഹൃദയം തകർത്ത് വെറും ഒരു റൺസിന് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.

പ്രതീക്ഷയുയർത്തുന്ന സമീപകാല പ്രകടനങ്ങൾ

ഇന്ത്യക്കെതിരെ നടന്ന രണ്ടാം ട്വന്റി20യിൽ 226 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 221 റൺസ് എടുത്ത് ക്രിക്കറ്റ് ലോകത്തെയും ഇന്ത്യൻ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. നിർഭയമായി ലക്ഷ്യത്തിലേക്ക് നീങ്ങിയ അയർലൻഡ് ബാറ്റർമാരുടെ ആറ്റിട്യൂട് വേറെ ലെവൽ ആയിരുന്നു വെന്ന് ക്രിക്കറ്റ് വിദഗ്‌ദ്ധരും അഭിപ്രായപ്പെട്ടു.

ഇതിന് പിന്നാലെ ന്യൂസിലാൻഡുമായി നടന്ന ഏകദിന മത്സരങ്ങങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അയർലൻഡ് നടത്തിയത്. മത്സരഫലങ്ങൾ അയർലൻഡിന് അനുകൂലമായില്ലെങ്കിലും അഭിമാനത്തോടെ തലയുർത്തി നടക്കാനുള്ള പ്രകടനമാണ് ഐറിഷ് താരങ്ങൾ കാഴ്ചവെച്ചത്. അയർലൻഡ് ക്രിക്കറ്റ് ടീം കാഴ്ചവെച്ച സ്ഥിരതയാർന്ന പോരാട്ടവീര്യം ഇന്ത്യ, ന്യൂസീലൻഡ് തുടങ്ങിയ ക്രിക്കറ്റ് അതികായന്മാർക്കെതിരെയാണെന്നതും ഐറിഷുകാർക്ക് സന്തോഷവും പ്രതീക്ഷയും നൽകുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: