തിങ്കളാഴ്ച ഡബ്ലിനിൽ രേഖപ്പെടുത്തിയത് 135 വർഷങ്ങൾക്കിടയിലെ അയർലൻഡിലെ ഏറ്റവും ഉയർന്ന താപനില

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡബ്ലിന്‍. Phoenix Park കാലാവസ്ഥാ കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ താപനില 33 ‍ഡിഗ്രീ സെല്‍ഷ്യസിലെത്തിയതായി Met Éireann അറിയിച്ചു. ശരാശരി താപനിലയേക്കാള്‍ 12.8 ഡിഗ്രീയോളം കൂടുതലാണ് ഇത്.

താപനില സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ആണ് Met Éireann ഇന്നലെ പുറത്ത് വിട്ടത്. ഇത് സ്ഥിരീകരിച്ചാല്‍ അയര്‍ലന്‍ഡില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനില എന്ന റെക്കോഡിലേക്ക് ഇതെത്തും. മാത്രമല്ല 135 വര്‍ഷങ്ങള്‍ക്കിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന താപനിലയും ഇതാവും. ഇതിന് മുന്‍പ് 1887 ജൂണ്‍ 26 ന് Kilkenny Castle ല്‍ റിപ്പോര്‍ട്ട് 33.3 ഡിഗ്രീ സെല്‍ഷ്യസ് ആണ് അയര്‍ലന്‍‍ഡില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില.

അയര്‍ലന്‍ഡിലെ Meath കൗണ്ടിയിലെ Dunsany യില്‍ ഇന്നലെ 30.2 ഡിഗ്രീ സെല്‍ഷ്യസ് താപനിലയും, Westmeath ലെ Mullingar ല്‍ 30.4 ഡിഗ്രീ സെല്‍ഷ്യസും രേഖപ്പെടുത്തിയതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.

രാജ്യത്തെ ഉഷ്ണതരംഗം മൂലമുള്ള താപനില വര്‍ദ്ധനവ് ഇന്ന് രാത്രി (ചൊവ്വാഴ്ച) 7 മണി വരെ തുടരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ താപനില 15 മുതല്‍ 20 ഡിഗ്രീ സെല്‍ഷ്യസ് വരെയാവുമെന്നും മുന്നറിയിപ്പുണ്ട്.

കാലാവസ്ഥാ മാറ്റം മൂലം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ദൈര്‍ഘ്യമേറിയതും, ശക്തമായതുമായ ഉഷ്ണതരംഗങ്ങളാണ് നിലവില്‍ ഉണ്ടാവുന്നതെന്ന് Met Éireann കാലാവസ്ഥാ ഡിവിഷന്‍ മേധാവി Keith Lambkin പറഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ചൊവ്വാഴ്ച താപനില 27 ഡിഗ്രീ വരെയെത്താമെന്നും Met Éirean അറിയിച്ചു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ കാലാവസ്ഥയാണ് നിലവില്‍ അനുഭവപ്പെടുന്നത്. സ്പെയിന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ കാട്ടുതീ, ജലക്ഷാമം എന്നിവയും രൂക്ഷമാവുകയാണ്. താപനില 40 ഡിഗ്രീ വരെയെത്താമെന്നുള്ള മുന്നറിയിപ്പിനെത്തുടര്‍ന്ന് യു.കെയിലെ ചില നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: