എൺപത്തി ആറാം വയസ്സിൽ ഒറ്റയ്ക്ക് വിമാനം പറത്താനൊരുങ്ങി അയർലൻഡുകാരിയായ ‘ഡെയർഡെവിൾ മുത്തശ്ശി ‘

അന്‍പത് വയസ്സ് പിന്നിടുമ്പോള്‍ തന്നെ പ്രായമായി എന്ന കാരണം പറഞ്ഞ് ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടുന്ന ആളുകള്‍ക്ക് ഒരു മാതൃകയാവുകയാണ് 86 വയസ്സുകാരിയായ Annette Callan. ഈ പ്രായത്തിലും അതിസാഹസികത നിറഞ്ഞ കാര്യങ്ങളിലാണ് ഇവര്‍ക്ക് കമ്പം. പ്രായം തളര്‍ത്താത്ത മനോവീര്യവുമായി സ്കൈ ഡൈവിങ്ങടക്കം നടത്തിയ Annette തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുകയാണ്- വിമാനം പറപ്പിക്കാന്‍. ഇതിനായുള്ള പരിശീലനങ്ങളും Annette പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആദ്യ സോളോ പറക്കലിനായി കാത്തിരിക്കുകയാണ് ഈ ‘ഡെയര്‍ഡെവിള്‍ മുത്തശ്ശി’.

അയര്‍ലന്‍ഡിലെ Louth സ്വദേശിനിയായ Annette കോവിഡിന് മുന്‍പായിരുന്നു 10000 അടി ഉയരത്തിലുള്ള ഒരു വിമാനത്തില്‍ നിന്നും താഴേക്ക് ചാടിയത്. രണ്ട് വര്‍ഷം മുന്‍പ് Croagh Patrick പര്‍വ്വതത്തിലും ഈ മുത്തശ്ശി നടന്നുകയറിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും 20 കിലോമീറ്ററുകള്‍ സൈക്കിള്‍ ഓടിക്കുന്ന Annette മികച്ച ഒരു യോഗാഭ്യാസിയുമാണ്. ഈ പ്രായത്തിലും തലകീഴായി നിന്നുകൊണ്ടുള്ള യോഗമുറകള്‍ അഭ്യസിക്കാനും Annette ന് കഴിയും. ജെറ്റ് സ്കീയിങ്, പാരാസെയിലിങ്ങ് എന്നിവയാണ് ഈ മുത്തശ്ശിക്ക് ഇഷ്ടപ്പെട്ട മറ്റു വിനോദങ്ങള്‍.

തോല്‍ക്കാന്‍ തയ്യാറല്ലാത്ത മനസ്സാണ് തന്നെ ഇത്തരം സാഹസികതകളിലേക്ക് നയിക്കുന്നത് എന്നാണ് Annette പറയുന്നത്. താന്‍ എപ്പോഴും ശുഭചിന്തയോടെ ഇരിക്കാനാണ് താത്പര്യപ്പെടുന്നത്, അതുകൊണ്ടുതന്നെ പരാതിക്കാരുടെ ഇടയില്‍ താന്‍ ചെല്ലാറില്ലെന്നും അവര്‍ പറഞ്ഞു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ തിരക്കുള്ള ജീവിതമാണ് ഇപ്പോള്‍ തനിക്കുള്ളതെന്നും, വിമാനത്തിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുന്ന് തന്റെ ആദ്യ സോളോ പറക്കലിനായി‍ കാത്തിരിക്കുകയാണെന്നും Annette പറഞ്ഞു.

അടുത്തതായി ചെയ്യാനുള്ള സാഹസിക പ്രവര്‍ത്തികളെക്കുറിച്ചാണ് Annette എപ്പോഴും ചിന്തിക്കുന്നതെന്ന് മകളായ Deirdre McCormack പറയുന്നു. ഒരു ദിവസത്തെ ജോലിക്ക് ശേഷം തളര്‍ന്നുവെന്ന് അമ്മയോട് പറയാന്‍ നാണക്കേടാണെന്നും, അമ്മയോടൊപ്പമെത്താന്‍ പലപ്പോഴും കഴിയാറില്ലെന്നും മകള്‍ പറഞ്ഞു. കോവിഡ് കാലത്ത് പോലും വളരെ ഊര്‍ജ്ജസ്വലതയോടെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും സ്വയം ഡ്രൈവ് ചെയ്ത് വാങ്ങുകയും, വീട്ടിലെ പാചകങ്ങളെല്ലാം ചെയ്തിരുന്നതും Annette ആയിരുന്നുവെന്നും മകള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇവര്‍ക്ക് കോവിഡ് ബാധിച്ചിട്ടുമില്ല. “കോവിഡിന് അമ്മയോടടുക്കാന്‍ ഭയമായിരിക്കാം” എന്നാണ് Deirdre തമാശരൂപേണ പറഞ്ഞത്.

വിമാനം പറപ്പിക്കുന്നതിന്റെ പരിശീലനത്തിനായി Kildare ലെ നാഷണല്‍ ഫ്ലൈറ്റ് സെന്ററില്‍ കുടുംബത്തോടൊപ്പമായിരുന്നു Annette ചെന്നത്. പരിശീലനത്തിനിടയില്‍ പലപ്പോഴും വിമാനത്തിന്റെ മുഴുവന്‍ നിയന്ത്രണവും പരിശീലകന്‍ ഇവര്‍ക്ക് നല്‍കിയതായി മകള്‍ പറഞ്ഞു. വീണ്ടും പറക്കാനായി Annette കാത്തിരിക്കുകയാണെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: