വിവേചനം സ്വന്തം രാജ്യക്കാരോടും; മാംസം കഴിക്കുന്ന ഇന്ത്യക്കാർക്ക് വീട് വാടകയ്ക്ക് നൽകില്ലെന്ന് അയർലൻഡിലെ ഒരു വിഭാഗം ഇന്ത്യക്കാർ

കഴിക്കുന്ന ഭക്ഷണത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്ന പ്രവണത ഇന്ത്യയില്‍ നാം പലപ്പോഴും കാണാറുണ്ട്. എന്നാല്‍ സമാനമായ കാരണത്താല്‍ ‍ അയര്‍ലന്‍ഡിലും ചില ഇന്ത്യക്കാര്‍ക്ക് ഇന്ത്യക്കാരില്‍ നിന്നു തന്നെ വിവേചനം നേരിടുകയാണ്. കഴിഞ്ഞ ദിവസം ഡബ്ലിനില്‍ വച്ച് സിമ്രാന്‍ സിങ് ഭക്ഷി എന്ന ഇന്ത്യക്കാരനാണ് ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടി വന്നത്. മാംസാഹാരം കഴിക്കുന്നയാളാണ് എന്ന കാരണത്താല്‍ ഇയാള്‍ക്ക് ഡബ്ലിനിലെ ഒരു ഇന്ത്യന്‍ കുടുംബം വീട് വാടകയ്ക്ക് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.

തന്റെ ഗേള്‍ഫ്രണ്ടുമൊത്ത് താമസിക്കുന്നതിനായി ഒരു വീടന്വേഷിക്കുകയായിരുന്നു സിമ്രാന്‍ സിങ്. അങ്ങനെയിരിക്കെ ഒരു പരസ്യം കാണുകയും, ഡബ്ലിനിലെ ഈ വീട്ടിലേക്ക് ഇവര്‍ എത്തുകയും ചെയ്തു. ഇന്ത്യന്‍ ദമ്പതികളുടെ മേല്‍നോട്ടത്തിലുള്ള ഒരു ഡബിള്‍ റൂം ആയിരുന്നു ഇത്. എല്ലാ കാര്യത്തിലും ധാരണയിലെത്തിയ ശേഷം ഇവര്‍ സിമ്രാന്റെ പാസ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. സിമ്രാന്‍ ഇന്ത്യക്കാരനായ സിഖ് വംശജനാണെന്ന് മനസ്സിലാക്കിയ ദമ്പതികള്‍ സിമ്രാന് വീട് നല്‍കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. മാംസം ഭക്ഷിക്കുന്നവര്‍ക്ക് വീട് നല്‍കില്ലെന്ന കാരണമായിരുന്നു അവര്‍ പറഞ്ഞത്. കൂടുതല്‍ വാടക നല്‍കാമെന്ന് സിമ്രാന്‍ വാഗ്ദാനം ചെയ്തെങ്കിലും അവര്‍ അത് സമ്മതിച്ചില്ല.

താന്‍ വീട്ടില്‍ വച്ച് മാംസം പാചകം ചെയ്യുകയോ, കഴിക്കുകയോ ഇല്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും ഇവര്‍ സമ്മതിച്ചില്ലെന്നും, സസ്യാഹാരിയായ തന്റെ ഗേള്‍ഫ്രണ്ടിന് മാത്രം റൂം നല്‍കാമെന്ന് ദമ്പതികള്‍‍ പറഞ്ഞതായും സിമ്രാന്‍ പറഞ്ഞു.

സിമ്രാന്‍ നേരിട്ടതിന് സമാനമായ അനുഭവങ്ങള്‍ ഇന്ത്യക്കാരായ നിരവധി പ്രൊഫഷണലുകള്‍ക്ക് ഡബ്ലിനില്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. വീട്ടുവാടക വര്‍ദ്ധിക്കുകയും, വാടകയ്ക്ക വീടുകള്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളും ഉള്ളപ്പോള്‍ സ്വന്തം രാജ്യക്കാരുടെ ഭാഗത്തുനിന്നുതന്നെ ഇത്തരത്തിലുള്ള സമീപനങ്ങളുണ്ടാവുന്നത് ഡബ്ലിനില്‍ വീട് തേടുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള നിരവധി ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ പരിശോധിക്കുമ്പോള്‍, വീട് വാടകയ്ക്ക് നല്‍കുന്ന പരസ്യങ്ങളില്‍ ഭൂരിഭാഗവും വെജിറ്റേറിയന്‍ ആളുകള്‍ക്ക മാത്രം എന്ന നിബന്ധന വയ്ക്കുന്നതായി കാണാം. ഈയടുത്ത് നടന്ന ഒരു സര്‍വ്വേ പ്രകാരം അയര്‍ലന്‍ഡിലെ ഇന്ത്യക്കാരില്‍ വെറും 39 ശതമാനം മാത്രമാണ് സസ്യാഹാരികള്‍.

ലിമറിക്കില്‍ നിന്നും ഡബ്ലിനിലേക്ക് താമസം മാറിയ വിനിത് സാവന്ത് എന്നയാള്‍ക്ക് വീട് വാടകയ്ക് നല്‍കുന്നതിന് ഇന്ത്യക്കാരായ subletters‍ വീട്ടിലെ കോമണ്‍ ഏരിയയില്‍ വച്ച് മാംസാഹാരം കഴിക്കാന്‍ പാടില്ലെന്ന് നിബന്ധന വച്ചിരുന്നതായി വിനിത് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ മാര്‍ച്ചില്‍ കുടുംബത്തോടൊപ്പം ഡബ്ലിനിലെത്തിയ ഗോപി തലാരി എന്നയാള്‍ക്കും മാംസാഹാരം കഴിക്കുന്നതിന്റെ പേരില്‍ വീട് നിഷേധിച്ചിരുന്നു. വാടക വേണമെങ്കില്‍ കുറച്ച് നല്‍കാമെന്നും, മാംസാഹാരം കഴിക്കാന്‍ പാടില്ലെന്നും മറ്റൊരു ഇന്ത്യന്‍ subletter നിബന്ധന വച്ചതായി ഗോപി പറഞ്ഞു.

തന്റെ ഫ്ലാറ്റ് മേറ്റില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഇന്ത്യന്‍ യുവതി പങ്കുവച്ചത്. ഫ്ലാറ്റിലെ അടുക്കളയിലുണ്ടായിരുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഈ യുവതിയെ ഫ്ലാറ്റ്മേറ്റ് അനുവദിച്ചിരുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. തനിക്ക് പാചകം ചെയ്യുന്നതിനായി പ്രത്യേകം ഉപകരണങ്ങള്‍ വാങ്ങേണ്ടി വന്നതായും, ഓരോ തവണ മാംസാഹാരം പാചകം ചെയ്യുമ്പോഴും ഫ്ലാറ്റ്മേറ്റുമായി തര്‍ക്കിക്കേണ്ടി വന്നതായും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: