വ്യാജ ‘രണ്ട് യൂറോ നാണയങ്ങളുടെ’ വൻ ശേഖരം പിടിച്ചെടുത്ത് ഗാർഡ ; ജനങ്ങൾ ശ്രദ്ധ പുലർത്തണമെന്ന് നിർദ്ദേശം

വ്യാജ ‘2 യൂറോ നാണയങ്ങള്‍’ പ്രചരിക്കുന്നതായും ജനങ്ങള്‍ ശ്രദ്ധ പുലര്‍ത്തണമെന്നുമുള്ള നിര്‍ദ്ദേശവുമായി ഗാര്‍ഡ. Raheny ഗാര്‍ഡ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ വ്യാജ നാണയങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഗാര്‍ഡയുടെ മുന്നറിയിപ്പ്. ജൂലൈ അവസാനം നടത്തിയ പരിശോധനയില്‍ 2920 യൂറോയുടെ വ്യാജ നാണയങ്ങളായിരുന്നു ഗാര്‍ഡ പിടിച്ചെടുത്തത്. ഒരാളെ പിടികൂടുകയും ചെയ്തിട്ടുണ്ട്.

വ്യാജ നാണയങ്ങളെ തിരിച്ചറിയുന്നതിനായുള്ള നിര്‍ദ്ദേശങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് വെബ്‍സൈറ്റില്‍ ലഭ്യമാണ്. സംശയം തോന്നുന്ന നാണയങ്ങളെ ഒരു മാഗ്നിഫയിങ് ഗ്ലാസിന്റെ സഹായത്തോടെ പരിശോധിക്കുകയും, ഒരു യഥാര്‍ഥ നാണയവുമായി താരതമ്യപ്പെടുത്തുകയും ചെയ്യാം. ക്വാളിറ്റി കുറഞ്ഞ ഇമേജുകളായിരിക്കും വ്യാജ കോയിനുകളിലുണ്ടാവുക, വ്യാജ നാണയങ്ങളുടെ റിങ്ങിലും, കോറിലുമുള്ള നിറം യഥാര്‍ത്ഥ നാണയങ്ങളില്‍ നിന്നും വ്യാത്യാസപ്പെട്ടിരിക്കുമെന്നും, നാണയങ്ങളിലെ അക്ഷരങ്ങളില്‍ തെറ്റുണ്ടാവാമെന്നും സെന്‍ട്രല്‍ ബാങ്ക് വെബ‍്സൈറ്റില്‍ പറയുന്നു. യഥാര്‍ഥ നാണയത്തെ അപേക്ഷിച്ച് വ്യാജ നാണയങ്ങളുടെ വലുപ്പം, ഭാരം എന്നിവയിലും വ്യത്യാസമുണ്ടാവും.

നാണയത്തിന്റെ കാന്തികത പരിശോ‍ധിക്കുന്നതിലൂടെയും വ്യാജ നാണയങ്ങളെ തിരിച്ചറിയാമെന്ന് ഗാര്‍ഡ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. 1 യൂറോ, 2 യൂറോ കോയിനുകളില്‍ ചെറിയ കാന്തിക ബലം മാത്രമാണ് ഉണ്ടാവുക. ഒരു കാന്തം ഉപയോഗിച്ച് നാണയങ്ങല്‍ പൊക്കി നോക്കിയ ശേഷം ചെറുതായൊന്നു കുലുക്കുന്ന വേളയില്‍ യഥാര്‍ഥ നാണയങ്ങള്‍ കാന്തത്തില്‍ നിന്നും വേര്‍പെട്ട് താഴേക്ക് വീഴും. അതേസ്ഥാനത്ത് വ്യാജ നാണയങ്ങളില്‍ ചിലതിന് വലിയ കാന്തിക ബലമാണ് ഉണ്ടാവുക. ചിലത് നോണ്‍ മാഗ്നറ്റിക് ആയിരിക്കും. മറ്റു ചിലതിന്റെ റിങ്ങുകളില്‍ മാത്രമാണ് കാന്തം ആകര്‍ഷിക്കുക.

കള്ളനോട്ടുകളോ, നാണയങ്ങളോ കയ്യില്‍ കിട്ടുന്ന പൊതുജനങ്ങള്‍ക്ക് ലോക്കല്‍ ബാങ്കുകള്‍, ഗാര്‍ഡ സ്റ്റേഷന്‍, സെന്‍ട്രല്‍ ബാങ്ക് നാഷണല്‍ അനാലിസിസ് സെന്റര്‍ (NAC), കോയിന്‍ നാഷണല്‍ അനാലിസിസ് സെന്റര്‍ (CNAC) എന്നിവിടങ്ങളില്‍ ഏല്‍പ്പിക്കാവുന്നതാണ്.

വ്യാജ കറന്‍സി-നാണയങ്ങള്‍ സംബന്ധിച്ച സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശങ്ങളുടെ പൂര്‍ണ്ണ രൂപത്തിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Share this news

Leave a Reply

%d bloggers like this: