കോമൺവെൽത്ത് ഗെയിംസ് ; ട്രിപ്പിൾ ജംപിൽ മലയാളി താരങ്ങളുടെ ആറാട്ട് ; വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക്‌ വെള്ളിമെഡൽ

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ ചരിത്രനേട്ടവുമായി മലയാളി താരങ്ങള്‍. ഇന്ത്യക്കായി മത്സരിച്ച എല്‍ദോസ് പോള്‍ സ്വര്‍ണ്ണമെഡലും, അബ്ദുള്ള അബൂബക്കര്‍ വെള്ളിമെഡലും സ്വന്തമാക്കി. 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് പോളിന്റെ സ്വര്‍ണ്ണനേട്ടം. രണ്ടാം സ്ഥാനത്തെത്തിയ അബ്ദുള്ള അബൂബക്കര്‍ 17.02 മീറ്ററാണ് ചാടിയത്. ഏറണാകുളം ജില്ലയിലെ കോലഞ്ചേരിയാണ് സ്വര്‍ണ്ണമെ‍‍ഡല്‍ ജേതാവായ എല്‍ദോസ് പോളിന്റെ സ്ഥലം. രണ്ടാസ്ഥാനക്കാരനായ അബ്ദുള്ള അബൂബക്കര്‍ കോഴിക്കോട് നാദാപുരം സ്വദേശിയാണ്.

വനിതാ ക്രിക്കറ്റ് ഫൈനലില്‍ ആസ്ത്രേലിയയോട് പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ സംഘം വെള്ളിമെഡല്‍ കരസ്ഥമാക്കി. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യക്കായില്ല. 18.3 ഓവറില്‍ 152 റണ്‍സ് എന്ന നിലയില്‍ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു. 65 റണ്‍സ് നേടിയ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൌര്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും വിജയത്തിലേക്കെത്തിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഇന്ത്യന്‍ നിരയില്‍ 33 റണ്‍സുമായി ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഗെയിംസിന്റെ പത്താം ദിനമായ ഇന്നലെ ഇന്ത്യ അഞ്ച് സ്വര്‍ണ്ണമടക്കം പതിനാല് മെഡലുകളാണ് സ്വന്തമാക്കിയത്. ബോക്സിങ്ങില്‍ വിവിധ വിഭാഗങ്ങളിലായി അമിത് പങ്കല്‍, നിഖാത് സരീന്‍, നീതു ഗംഗാസ് എന്നിവര്‍ സ്വര്‍ണ്ണം നേടി. ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍-ശ്രീജ സഖ്യവും ഇന്ത്യക്കായി സ്വര്‍ണ്ണം നേടി. അബ്ദുള്ള അബൂബക്കറിനും, വനിതാ ക്രിക്കറ്റ് ടീമിനും പുറമെ ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍-സത്യന്‍ സഖ്യത്തിലൂടെയായിരുന്നു ഇന്നലത്തെ മൂന്നാമത്തെ വെള്ളി മെഡല്‍ നേട്ടം.

ഹോക്കി വനിതാ ടീം, ജാവലിന്‍ ത്രോയില്‍ അന്നു റാണി, 10000 മീറ്റര്‍ റേസ് വാക്കില്‍ സന്ദീപ് കുമാര്‍, ബാഡ് മിന്റണ്‍ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, സ്ക്വാഷില്‍ ദീപിക പള്ളിക്കല്‍-സൌരവ് ഘോഷാല്‍ സഖ്യം, വനിതാ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഗായത്രി-ജോളി സഖ്യം എന്നിവര്‍ക്കാണ് വെങ്കലമെഡലുകള്‍ ലഭിച്ചത്.

ഗെയിംസിന്റെ അവസാന ദിനമായ ഇന്ന് പുരുഷ ഹോക്കി ടീം, പി.വി സിന്ധു അടക്കമുള്ള നിരവധി താരങ്ങള്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ടുകൊണ്ട് കളത്തിലിറങ്ങും. ഇതുവരെ 18 സ്വര്‍ണ്ണവും, 15 വെള്ളിയും, 22 വെങ്കലവുമടക്കം 55 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

comments

Share this news

Leave a Reply

%d bloggers like this: