ഗാർഡ ഇനി പുതിയ ലുക്കിൽ; യൂണിഫോമിൽ അടിമുടി മാറ്റം

അയര്‍ലന്‍ഡിലെ പോലീസ് സേനയായ ഗാര്‍ഡയുടെ യൂണിഫോം മാറ്റം നിലവില്‍ വന്നു. ഗാര്‍ഡ, സര്‍ജന്റ്സ്, ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ള 13000 ജീവനക്കാരുടെ യൂണിഫോമിലാണ് ഇന്നലെ മുതല്‍ മാറ്റം വന്നിരിക്കുന്നത്.

ഇളം നീല പോളോ ഷര്‍ട്ടും, മഞ്ഞ-കടുംനീല നിറങ്ങളിലുള്ള വാട്ടര്‍പ്രൂഫ് ജാക്കറ്റും, ഓപ്പറേഷണല്‍ ട്രൌസേഴ്സുമാണ് ഇനിമുതല്‍ ഗാര്‍ഡയുടെ യൂണിഫോം. പരമ്പരാഗത യൂണിഫോമായ ഷര്‍ട്ടും ടൈ‍യും ഇനിമുതല്‍ ഔദ്യോഗിക പരിപാടികളില്‍ മാത്രമേ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ധരിക്കുകയുള്ളു.

ഗാര്‍ഡ യൂണിഫോമിന്റെ ഭാഗമായ തൊപ്പിയില്‍ മാറ്റങ്ങളൊന്നുമുണ്ടാവില്ല. ഇതാദ്യമായി യൂണിഫോമില്‍ ഗാര്‍ഡയുടെ എംബ്ലം പതിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ മാറ്റങ്ങളുടെ ഭാഗമാണ്. സൂപ്രണ്ട് മുതല്‍ കമ്മീഷണര്‍ വരെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ യൂണിഫോമില്‍ യാതൊരു മാറ്റവുമുണ്ടാവില്ല.

നൂറ് വര്‍ഷങ്ങള്‍ക്കിടയില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഗാര്‍ഡ യൂണിഫോമില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഇതിന് മുന്‍പ് മത-സാംസ്കാരിക താത്പര്യങ്ങള്‍ പരിഗണിച്ച് ടര്‍ബന്‍, Kufi, Topi, Kippah ഹിജാബ് എന്നിവ ധരിക്കാമെന്നുള്ള മാറ്റങ്ങള്‍ ഗാര്‍ഡ യൂണിഫോമില്‍ കൊണ്ടുവന്നിരുന്നു.

അയര്‍ലന്‍ഡിന്റെ പോലീസിങ്ങിനെക്കുറിച്ച് പഠിക്കുന്നതിനായി നിയോഗിച്ച കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് യൂണിഫോമില്‍ കാര്യമായ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഗാര്‍ഡയുടെ സേനാബലം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ മുന്നോട്ട് നീങ്ങുകയാണെന്ന് യൂണിഫോം ലോഞ്ച് ചടങ്ങില്‍ സംസാരിക്കവേ ഗാര്‍ഡ കമ്മീഷണര്‍ Drew Harris പറഞ്ഞു. ഗാര്‍ഡയുടെ എണ്ണം 13000 ല്‍ നിന്നും 15000 ആക്കി ഉയര്‍ത്താനുള്ള റിക്രൂട്ട്മെന്റ് നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: