അയർലൻഡ് ഇതിഹാസതാരം കെവിൻ ഒബ്രിയൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് അയര്‍ലന്‍ഡിന്റെ ഇതിഹാസ ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രിയന്‍. ചൊവ്വാഴ്ച ട്വിറ്റർ വഴിയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. 2006-ല്‍ അയര്‍ലന്‍ഡ് ടീമിനായി അരങ്ങേറ്റം കുറിച്ച കെവിൻ നീണ്ട 16 വര്‍ഷത്തെ കരിയറിനാണ് ഇപ്പോള്‍ തിരശ്ശീലയിടുന്നത്.

വരാനിരിക്കുന്ന ടി20 ലോകകപ്പിൽ കളിച്ചതിന് ശേഷം വിരമിക്കാനായിരുന്നു കെവിൻ ആഗ്രഹിച്ചിരുന്നതെന്നു,എന്നാൽ അവസരങ്ങൾ ലഭിക്കാത്തതാണ് നിലവിലെ തീരുമാനത്തിന് പിന്നിലെന്ന് താരം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.

2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിലാണ് കെവിൻ അവസാനമായി അയർലൻഡിനായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ അയർലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ മുന്നാമത്തെ താരമാണ് 38 കാരനായ കെവിൻ ഒബ്രിയൻ. 152 ഏകദിന മത്സരങ്ങളിൽ നിന്നും രണ്ട് സെഞ്ചുറിയും 18 അര്‍ധ സെഞ്ച്വറികളുമടക്കം 3619 റണ്‍സ് നേടിയ ഇദ്ദേഹം 114 വിക്കറ്റും സ്വന്തം പേരിലാക്കിയിട്ടുണ്ട്.

2007-ല്‍ വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ പാകിസ്താനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അയര്‍ലന്‍ഡ് ടീമിലും കെവിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2011 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യമായ 328 റണ്‍സ് അയര്‍ലന്‍ഡ് പിന്തുടർന്ന് ചരിത്രമെഴുതിയപ്പോൾ, ടീമിന്റെ അമരക്കാരനായി വെറും 63 പന്തില്‍ നിന്ന് 113 റണ്‍സാണ് കെവിൻ അടിച്ചു കൂട്ടിയത്. അതിന് ശേഷം ക്രിക്കറ്റ് വിദഗ്ധർ വാഴ്ത്തിയ ഇദ്ദേഹത്തിന്റെ വീര ചരിതങ്ങൾ ഏതോരു ക്രിക്കറ്റ് പ്രേമിയെയും ആകർഷിക്കുന്നതായ് മാറി. 109 ടി20കളില്‍ നിന്നായി ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയുമടക്കം 1937 റണ്‍സും കെവിന്റെ പേരിലുണ്ട്.

ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് ഇപ്പോഴും അദ്ദേഹത്തിന്റെ തൊപ്പിയിലെ പൊൻതൂവലായി കൂടെയുണ്ട് , കൂടാതെ ഒരു അയർലൻഡ് കളിക്കാരന്റെ പേരിലുള്ള ഏക ടെസ്റ്റ് സെഞ്ചുറിയും കെവിന്റെ പേരിലാണ്.

Share this news

Leave a Reply

%d bloggers like this: