യുഗാന്ത്യം ; എലിസബത്ത് രാജ്ഞി വിടവാങ്ങി

ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് വിടവാങ്ങി. 96 വയസ്സായിരുന്നു. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂര്‍വ്വ നേട്ടത്തിനുടമയാണ് എലിസബത്ത്. സ്കോട്ട്ലാൻഡിലെ വേനൽകാല വസതിയായ ബാൽമോറിലെ കൊട്ടാരത്തിലായിരുന്നു അവരുടെ അന്ത്യം.

രോഗബാധിതയായിരുന്ന അവരുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അവർ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. ചാൾസ് രാജകുമാരന്‍, ഭാര്യ കാമില, മകൾ ആനി രാജകുമാരി, മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും രോഗവിവരം അറിഞ്ഞ് ബാൽമോർ കൊട്ടാരത്തിൽ എത്തിയിരുന്നു.

1926 ഏപ്രിൽ 21ന് ജോർജ് ആറാമൻ രാജാവിന്റെും എലിസബത്ത് ബോവെസ് ലിയോണിന്റെയും മകളായി ലണ്ടനിലാണ് എലിസബത്ത് അലക്‌സാന്ദ്ര മേരി വിൻഡ്‌സർ എന്ന എലിസബത്ത് രണ്ടാമയുടെ ജനനം. പിതാമഹനായ ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ഭരണകാലത്തായിരുന്നു അവരുടെ ജനനം.

എലിസബത്ത് തന്റെ അമ്മാവൻ എഡ്വേർഡിനും അവരുടെ പിതാവിനും പിന്നിൽ ബ്രിട്ടീഷ് സിംഹാസനത്തിലേക്കുള്ള പിന്തുടർച്ചാവകാശത്തിൽ മൂന്നാമതായിരുന്നു. 1936-ൽ അവളുടെ മുത്തച്ഛൻ മരിക്കുകയും അമ്മാവൻ എഡ്വേർഡ് എട്ടാമനായി വിജയിക്കുകയും ചെയ്തപ്പോൾ, പിതാവിന് ശേഷം അവർ സിംഹാസനത്തിൽ രണ്ടാമനായി. ആ വർഷം അവസാനം എഡ്വേർഡ് രാജിവച്ചു.

തൽഫലമായി, എലിസബത്തിന്റെ പിതാവ് രാജാവായി, ജോർജ്ജ് ആറാമൻ എന്ന രാജകീയ നാമം സ്വീകരിച്ചു. എലിസബത്തിന് സഹോദരന്മാർ ഇല്ലാതിരുന്നതിനാൽ അവർ അവകാശിയായി മാറുകയായിരുന്നു. 1952 ഫെബ്രുവരി ആറിനാണ് അവർ പദവിയിൽ എത്തിയത്. ബ്രിട്ടിഷ് രാജപദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത്.

രാജ്ഞിയുടെ മരണം- നടപടിക്രമങ്ങള്‍

രാജ്ഞിയുടെ മരണം ഔദ്യോഗികമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിക്കുക എന്നതായിരുന്നു ആദ്യ നടപടി. ബ്രിട്ടീഷ് രാജഭരണാധികാരി മരണപ്പെടുമ്പോള്‍ ലണ്ടന്‍ ബ്രി‍ഡ്ജ് ഇസ് ഡൌണ്‍ എന്ന സന്ദേശമാണ് നല്‍കുക. തുടര്‍ന്ന് ലണ്ടനിലെ എല്ലാ പള്ളികളിലും അല്‍പനേരം നിര്‍ത്താതെ മണികള്‍ മുഴങ്ങി. പത്ത് ദിവസത്തേക്ക് പാര്‍ലിമെന്റ് നടപടികളും നിര്‍‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവും പുറത്തുവന്നു. രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് യു.കെ മുഴുവന്‍ സമ്പൂര്‍ണ്ണ ദുഖാചരണമാണ്.

തുടര്‍ന്ന് രാ‍ജ്ഞിയുടെ അധീനതയിലുള്ള 15 രാജ്യങ്ങള്‍ക്കും, 35 കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളെയും വിവരമറിയിക്കുക എന്നതായിരുന്ന അടുത്ത നടപടി. ബക്കിങ്ഹാം കെ‌ാട്ടാരത്തിലെ ഗേറ്റില്‍ ഔദ്യോഗിക അറിയിപ്പ് പതിക്കുകയും ചെയ്തു.

ബക്കിങ്ഹാം കൊട്ടാരത്തിലെ പ്രധാനമന്ദിരത്തിലേക്കാണ് രാ‍ജ്ഞിയുടെ ഭൌതികശരീരം കൊണ്ടുവരിക. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വെസ്റ്റ് മിന്‍സ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. പത്താം ദിനം വെസ്റ്റ് മിന്‍സ്റ്റര്‍ ആബിയിലാണ് സംസ്കാരം.

ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ പുതിയ രാജാവ്

അമ്മയായ എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടര്‍ന്ന് അവരുടെ മൂത്ത മകനായ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടന്റെ പുതിയ രാജാവായി അധികാരമേല്‍ക്കും. 73 കാരനായ അദ്ദേഹം കിങ് ചാള്‍സ് മൂന്നാമന്‍ പേരിലാണ് ഇനി അറിയപ്പെടുക. ചാള്‍സ് രാജാവായി സ്ഥാനമേല്‍ക്കുന്നതോടെ അദ്ദേഹത്തിന്റെ പത്നി കാമില പാര്‍ക്കര്‍ രാജപത്നിയാകും. ചാള്‍സ് രാജാവാകുന്നതോടെ കാമിലയ്ക്ക് ക്വീന്‍ കണ്‍സോര്‍ട്ട് സ്ഥാനം ലഭിക്കുമെന്ന് എലിസബത്ത് രാജ്ഞി ഇതിനുമുന്‍പ് പ്രഖ്യാപിച്ചിരുന്നു.

അദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച ലണ്ടനിലെ സെന്റ് ജെയിംസ് പാലസില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Accession Council എന്ന പേരിലുള്ള സെറിമോണിയല്‍ ബോഡിക്ക് മുന്‍പാകെയാണ് ഈ പ്രഖ്യാപനമുണ്ടാവുക.

എഴുനൂറിലധികം ആളുകള്‍ പങ്കെടുക്കേണ്ട ചടങ്ങാണ് ഇതെങ്കിലും , ചുരുങ്ങിയ സമയത്തിനുള്ളില്‍ നടക്കുമെന്നതിനാല്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞേക്കും. 1952 ല്‍ ഏറ്റവുമൊടുവിലായി നടന്ന Accession Council ല്‍ 200 പേരായിരുന്നു പങ്കെടുത്തത്.

Share this news

Leave a Reply

%d bloggers like this: