വിപുലമായ പരിപാടികളുമായി കോർക്കിലെ മലയാളികളുടെ ഓണാഘോഷം “പൊന്നോണം 2022”

കോവിഡ് മഹാമാരിമൂലം നിറംമങ്ങിയ രണ്ടു വർഷത്തിനുശേഷം വന്ന ഓണം വൻ ആഘോഷമാക്കി മരതക ദ്വീപിലെ മലയാളികൾ. 2022 സെപ്റ്റംബർ 10 ശനിയാഴ്ചയാണ് കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിൽ കോർക്കും സംയുക്തമായി “പൊന്നോണം 2022” സംഘടിപ്പിച്ചത്. ജനപങ്കാളിത്തം കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും ശ്രദ്ധേയമാ ഓണാഘോഷം അയർലണ്ടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണസദ്യക്കു കൂടിയാണ് സാക്ഷ്യം വഹിച്ചത്. പ്രവാസി മലയാളികളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കഴിയുന്ന എല്ലാവർക്കും പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കുന്ന തരത്തിൽ വിപുലമായ സംവിധാനങ്ങൾ ആണ് ഏർപ്പാട് ചെയ്തിരുന്നത്. 200 പേർക്ക് ഒരേസമയം സദ്യയുണ്ണാനുള്ള സൗകര്യമൊരുക്കിയിരുന്നു. അഞ്ചു പന്തിയായി തൊള്ളായിരത്തോളം പേരാണ് മൂന്നുമണിക്കൂറിൽ മെഗാസദ്യ കഴിച്ചത്. കൃത്യമായ പ്ലാനിങ്ങും അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും സംഘാടക സമിതി നടത്തിയിരുന്നു. അതിലുപരി ഓണാഘോഷകമ്മിറ്റി നൽകിയ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ കോർക്കിലെ മലയാളികളുടെ സഹകരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തിരക്കില്ലാതെ സദ്യ ഉണ്ണുകയും പരിപാടി വൻവിജയമാക്കി തീർക്കുകയും ചെയ്ത കോർക്കിലെ മലയാളികൾ അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനവും മാതൃകയുമായി മാറി.

കോർക്കിലെ സെന്റ് ഫിൻബാർ ഹർലിംഗ് & ജിഎഎ ഹാളിൽ രാവിലെ 8:30ന് അത്തപ്പൂക്കളം മത്സരത്തോടെയാണ് ആഘോഷം ആരംഭിച്ചത്. തുടർന്ന് കുട്ടികൾക്കായി കസേരകളി, മിഠായി പെറുക്കൽ, നാരങ്ങാ സ്പൂൺ ഓട്ടം തുടങ്ങി ഗൃഹാതുരത്വമുണർത്തുന്ന ഓണക്കളികൾക്കു ശേഷം ഓണാഘോഷത്തിന്റെ പ്രത്യേകതയായ വടംവലി സ്ത്രീകൾക്കും പുരുഷന്മാർക്കുമായി നടത്തപ്പെട്ടു. വാശിയേറിയ വടംവലി മത്സരത്തിൽ കൊമ്പൻ ബ്രദർസ് വിജയികളായി‌ മാലോ ഗുലാൻസ്‌ രണ്ടാം സ്ഥാനം നേടി.

ഡബ്ലിൻ റോയൽ കാറ്ററേഴ്സ് ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യക്കു ശേഷം തിരുവാതിരകളിയോടെ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ആർപ്പുവിളികളോടെ ഓണപ്പാട്ടുകളുടെ താളത്തിനൊത്ത് നൃത്തം ചവിട്ടിയും താലപ്പൊലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി എഴുന്നള്ളിയ മാവേലിതമ്പുരാനെ ഹർഷാരവത്തോടെയാണ് സദസ്സ് വരവേറ്റത്. കോർക്കിലെ കലാപ്രതിഭകൾ അവതരിപ്പിച്ച കഥക്, ഭരതനാട്യം, നാടോടി നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി. കൂടാതെ, സെലിബ്രിറ്റികളായ ഉണ്ണി കാർത്തികേയനും നിയ പത്യാലയും ചേർന്നവതരിപ്പിച്ച ഗാനമേള സദസ്സിനെ ശ്രാവണലഹരിയിലാഴ്ത്തി.

പ്രവാസലോകത്തെ മലയാളികൾക്ക് തന്നെ അഭിമാനമായ ഓണാഘോഷത്തിൽ പങ്കെടുക്കുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്ത കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവരേയും അഭിനന്ദിക്കുന്നതായി ഓണാഘോഷകമ്മിറ്റി അറിയിച്ചു. കൂടാതെ പരിപാടി വിജയമാക്കാൻ അഹോരാത്രം പ്രയത്നിച്ച വിവിധ കമ്മിറ്റികൾക്കും വോളന്റീർമാർക്കും പരിപാടിയോട് സഹകരിച്ച സ്പോൺസർമാരായ Appache Pizza, Asian mix, D spice house, Eurasia Travels, Haldirams, Indian spice kitchen, Jazz Bar and Indian Resturant, Lavish & Ignite, Nazareth House Mallow, Nutrie Foods, Paul’s Cusine, Spice Town Cork എന്നിവർക്കും സംയുക്ത ഓണാഘോഷത്തിന് എല്ലാവിധ പിന്തുണയും നൽകിയ കോർക്ക് പ്രവാസി മലയാളി അസോസിയേഷനും വേൾഡ് മലയാളി കൗൺസിലിനും അതിന്റെ ഭാരവാഹികൾക്കും പ്രത്യേകം നന്ദി പറയുന്നതായി പരിപാടിയുടെ കൺവീനർമാരായ ഷിബിൻ കുഞ്ഞുമോനും ഡോ. ലേഖയും അറിയിച്ചു. സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന ചിരകാല സ്വപ്നത്തെ കേരളത്തോടൊപ്പം ആഘോഷമാക്കുകയായിരുന്നു കോർക്കിലെ മലയാളികൾ.

Share this news

Leave a Reply

%d bloggers like this: