ജീവിതച്ചിലവ് പ്രതിസന്ധി ; ഡബ്ലിനിൽ പ്രതിഷേധവുമായി ആയിരങ്ങൾ തെരുവിൽ

ജീവിതച്ചിലവ് പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന ആവശ്യവുമായി ഡബ്ലിനില്‍ ആയിരങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി.  Cost Of Living Coalition ന്റെ നേതൃത്വത്തിലാണ് വന്‍ പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്. ഉച്ചയ്ക് 2.30ന് Parnell Square ലായിരുന്നു റാലിയുടെ തുടക്കം. O’Connell Street, College Green എന്നിവിടങ്ങളിലൂടെ നീങ്ങിയ റാലി Merrion Square ല്‍ സമാപിച്ചു.

ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ഥികള്‍, പെന്‍ഷനേഴ്സ് അസോസിയേഷനുകള്‍, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള മുപ്പതോളം സംഘടനകള്‍ ചേര്‍ന്നാണ്  Cost Of Living Coalition എന്ന പേരില്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചിലവ് പ്രതിസന്ധികളും, ഹൌസിങ് പ്രതിസന്ധികളും പരിഹരിക്കണമെന്നാണ് പ്രധാന ആവശ്യം.

സര്‍ക്കാര്‍ സാധാരാണ ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലെന്ന് റാലിയില്‍ പങ്കെടുത്ത Sinn Féin നേതാവ് Mary-Lou McDonald ആരോപിച്ചു. അയര്‍ലന്‍ഡില്‍ നിലനില്‍ക്കുന്ന വലിയ അസമത്വമാണ് ജീവിതച്ചിലവ് പ്രതിസന്ധി തുറന്നുകാട്ടുന്നത്, പ്രധാനമന്ത്രി മാറുകയല്ല മറിച്ച് സര്‍ക്കാര്‍ തന്നെയാണ് മാറേണ്ടത്, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന- യഥാര്‍ഥ മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരിനെയാണ് അയര്‍ലന്‍ഡിന് വേണ്ടത്- അവര്‍ പറഞ്ഞു.

രാജ്യത്തെ വാടക കുറയ്ക്കാനുള്ള നടപടികളുണ്ടാവണം, മൂന്ന് വര്‍ഷത്തേക്കെങ്കിലും വാടക ഉയര്‍ത്തുന്നത് തടയണം, ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം, ചൈല്‍ഡ് കെയര്‍ കോസ്റ്റ് കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളും റാലിയില്‍ സംസാരിച്ചുകൊണ്ട് Mary-Lou McDonald മുന്നോട്ട് വച്ചു.

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് TD Richard Boyd Barrett, ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് പ്രതിനിധി Seamus Dooley, യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഇന്‍ അയര്‍ലന്‍ഡ് പ്രസിഡന്റ് Beth O’Reilly, ഐറിഷ് സീനിയര്‍ സിറ്റസണ്‍സ് പാര്‍ലിമെന്റ് പ്രതിനിധി Imelda Brown, ആക്സസ് ഫോര്‍ ഓള്‍ പ്രതിനിധി Sophia Mulvaney തുടങ്ങിയ പ്രമുഖര്‍ റാലിയില്‍ സംസാരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: