ഒന്നര ലക്ഷം രൂപ ചിലവിൽ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള മലയാള ചലച്ചിത്രം ; ‘ജോഷ്വാ മോശയുടെ പിന്‍ഗാമി’ പ്രദര്‍ശനം ആരംഭിച്ചു

കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ജോഷ്വാ മോശയുടെ പിന്‍ഗാമി എന്ന മലയാള ചലച്ചിത്രം. നവാഗതനായ സുധീഷ് മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഈ ത്രില്ലര്‍ ചലച്ചിത്രം ഫസ്റ്റ് ഷോസ് ഒടിടി പ്ലാറ്റ്ഫോമിലൂടെ ഇന്നുമതല്‍ (28.09.2022) പ്രദര്‍ശനം ആരംഭിക്കുകയാണ്. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്ത് സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി കേവലം ഒന്നര ലക്ഷം രൂപയ്ക്കാണ് ഒന്നര മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന ഈ മലയാള സിനിമ ഇവര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമ സ്വപ്നം കണ്ട് അതിന് വേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിച്ച കുറേ പുതുമുഖങ്ങളുടെ ഒന്നര വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് ഇപ്പോള്‍ തിരശീലയിലെത്തുന്നത്.

കയേദു സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സുധീഷ് മോഹനാണ്. വിനോദ് ഗോപി ക്യാമറയും അനിഷ് സ്വാതി എഡിറ്റിംഗും ബോണി ലൂയിസ് സംഗീത സംവിധാനവും കുട്ടിജോസ് സൗണ്ട് ഡിസൈനിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. അഖിലേഷ് ഈശ്വര്‍, മിഥുന്‍ എബ്രഹാം, പ്രമോദ് വെളിയനാട്, അഞ്ജന സാറാ, അമൃത വിജയ്, ജോസഫ് മാത്യു, മധു പെരുന്ന, ശശി പള്ളാത്തുരുത്തി, ആര്‍ജെ അല്‍ഫോണ്‍സാ, സുധീര്‍ സലാം, ഇടിച്ചാണ്ടി, റിച്ചാര്‍ഡ് മാത്യു, സുമേഷ് മാധവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നരലക്ഷം രൂപയ്ക്ക് 12 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ലോ ബഡ്ജറ്റ് കൊമേഴ്ഷ്യല്‍ സിനിമ എന്ന പ്രത്യേകതയും ജോഷ്വാ മോശയുടെ പിന്‍ഗാമി എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിനും ലിറിക്കല്‍ വീഡിയോകള്‍ക്കും സമൂഹമാധ്യമങ്ങളില്‍ വളരെ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. സൈന മ്യൂസിക്കിലൂടെയാണ് പാട്ടുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

അന്ധനായ ജോഷ്വ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്നൊരു ക്രൈമും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ദുരുഹസംഭവങ്ങളുമാണ് ചിത്രത്തില്‍ സംസാരിക്കുന്നത്. കേരളത്തില്‍ നടന്നിട്ടുള്ള ചില യഥാര്‍ത്ഥ സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന തരത്തിലുള്ള സൂചനകള്‍ സിനിമയുടെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ നിന്നും വ്യക്തമായിരുന്നു.

Share this news

Leave a Reply

%d bloggers like this: