ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം ഇന്ത്യ പൊരുതിവീണു, തോൽവിയിലും താരമായി സഞ്ജു

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ പൊരുതിവീണു. മികച്ച ഇന്നിങ്‌സുമായി അവസാന ഓവർ വരെ വിജയപ്രതീക്ഷ നൽകിയ സഞ്ജുവിനും ഇന്ത്യയെ തോൽ‌വിയിൽ നിന്നും രക്ഷിക്കാനായില്ല. ഒമ്പതു റണ്‍സിനാണ് ഇന്ത്യയുടെ തോൽവി. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 1-0നു മുന്നിലെത്തുകയും ചെയ്തു.

മഴ കാരണം 40 ഓവര്‍ മാച്ചില്‍ 250 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കു നല്‍കിയത്. റണ്‍ചേസില്‍ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും സഞ്ജുവുൾപ്പെട്ട മധ്യനിരയും ലോവര്‍ ഓര്‍ഡറും ഉജ്ജ്വല ചെറുത്തുനില്‍പ്പാണ് നടത്തിയത്. എന്നാൽ വിജയം എത്തിപ്പിടിക്കാന്‍ ഇന്ത്യയുടെ രണ്ടാംനിര ടീമിനായില്ല. എട്ടു വിക്കറ്റിനു 240 റണ്‍സെടുത്ത് ഇന്ത്യ കീഴടങ്ങുകയാണ് ഉണ്ടായത്.

86 റണ്‍സുമായി പുറത്താവാതെ നിന്ന സഞ്ജു ഇന്ത്യയുടെ ടോപ്‌സ്‌കോററായി . 63 ബോളുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ബൗണ്ടറിയും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ശ്രേയസ് അയ്യരാണ് (50) മറ്റൊരു പ്രധാന സ്‌കോറര്‍. മികച്ച കളി പുറത്തെടുത്ത അയ്യർ 37 ബോളില്‍ എട്ടു ബൗണ്ടറികളടിച്ചു.33 റണ്‍സെടുത്ത ശര്‍ദ്ദുല്‍ ടാക്കൂറും ഇന്ത്യന്‍ നിരയിൽ തിളങ്ങി.

ടബ്രൈസ് ഷംസി എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറിയും നേടി സഞ്ജു വിജയപ്രതീക്ഷ നൽകിയെങ്കിലും നാലാം പന്തില്‍ സഞ്ജുവിന് ബൗണ്ടറി കണ്ടെത്താനായില്ല. അഞ്ചാം പന്തില്‍ വീണ്ടും സഞ്ജുവിന്‍റെ ബൗണ്ടറി. അവസാന പന്തില്‍ സിംഗിള്‍ നേടിയതോടെ അവസാന ഓവറിൽ സഞ്ജു 21 റൺസ് അടിച്ചു കൂട്ടി 9 റൺസകലെ പോരാട്ടം അവസാനിച്ചു. സൗത്താഫ്രിക്കയ്ക്കായി ലുംഗി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ടും വിക്കറ്റുകളെടുത്തു.

Share this news

Leave a Reply

%d bloggers like this: