അയർലൻഡിലെ ഫസ്റ്റ് ഹോം സ്കീമിന് വൻ സ്വീകാര്യത ; ആദ്യമായി വീട് വാങ്ങുന്ന അഞ്ഞൂറിലധികം ആളുകൾക്ക് ധനസഹായത്തിന് അനുമതി

അയര്‍ലന്‍ഡിലെ ഫസ്റ്റ് ഹോം സ്കീം പ്രകാരം ആദ്യമായി വീട് വാങ്ങുന്ന 508 ആളുകള്‍ക്ക് സാമ്പത്തിക സഹായത്തിന് അനുമതി നല്‍കിയതായി സര്‍ക്കാര്‍. ജൂലൈയില്‍ ആരംഭിച്ച പദ്ധതിയുടെ ആദ്യപാദ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. നിലവില്‍ 203 അപേക്ഷകള്‍ പരിഗണിച്ചുവരികയാണെന്നും, ഇവയില്‍ ഭൂരിഭാഗം അപേക്ഷകള്‍ക്കും അനുമതി ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപേക്ഷ അംഗീകരിക്കപ്പെട്ട മുഴുവന്‍ ആളുകള്‍ക്കും നിലവില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്.

അനുമതി ലഭിച്ച അപേക്ഷകളിലെ ശരാശരി ഭവനവില 35900 യൂറോയായാണ്. പദ്ധതി വഴി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന ശരാശരി ധനസഹായം 79000 യൂറോയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ അംഗീകരിക്കപ്പെട്ട അപേക്ഷകളില്‍ 66 ശതമാനത്തോളവും ഡബ്ലിന്‍, Kildare, Meath ,Wicklow എന്നീ കൌണ്ടികളില്‍ നിന്നുള്ളതാണ്. അയര്‍ലന്‍ഡ് സര്‍ക്കാരും AIB, Bank of Ireland and Permanent TSB എന്നീ മൂന്ന് ബാങ്കുകളും സംയുക്തമായാണ് ഫസ്റ്റ് ഹോം സ്കീം മുന്നോട്ട് കൊണ്ടുപോവുന്നത്.

പദ്ധതിയാരംഭിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ പദ്ധതിക്ക് വലിയ സ്വീകാര്യത ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹൌസിങ് മിനിസ്റ്റര്‍ Darragh O’Brien പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളായ നിരവധിയാളുകള്‍ പുതിയ വീടുകളിലേക്ക് മാറുമെന്നും, വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ക്ക് പുതിയ വീടുകള്‍ സ്വന്തമാക്കാന്‍ പദ്ധതിയിലൂടെ അവസരമൊരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചുവര്‍ഷക്കാലം കൊണ്ട് 8000 വീടുകള്‍ വാങ്ങാന്‍ ധനസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഫസ്റ്റ് ഹോം സ്കീം സര്‍ക്കാര്‍ ആരംഭിച്ചത്. 400 മില്യണ്‍ യൂറോയായിരുന്നു സര്‍ക്കാര്‍ ഈ പദ്ധതിക്കായി വകയിരുത്തിയ തുക.

Share this news

Leave a Reply

%d bloggers like this: