അയർലൻഡിലെ തൊഴിലിടങ്ങളിലെ മരണനിരക്കിൽ കുറവ് ; പരിക്കുകളിൽ എട്ട് ശതമാനം വർദ്ധനവ്

അയര്‍ലന്‍ഡില്‍ 2021 ല്‍ തൊഴിലിടങ്ങളിലുണ്ടായ മരണങ്ങളുടെ എണ്ണത്തില്‍ കുറവ്. 38 മരണങ്ങളാണ് കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡില്‍ തൊഴിലുമായി ബന്ധപ്പെട്ട അപകടങ്ങള്‍ മൂലമുണ്ടായത്. 2020 ലെ കണക്കുകളെ അപേക്ഷിച്ച് 30 ശതമാനത്തിന്റെ കുറവാണ് മരണനിരക്കില്‍ രേഖപ്പെടുത്തിയത്. 1989 മുതലുള്ള കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്.

ഹെല്‍ത്ത് ആന്റ് സേഫ്റ്റി അതോറിറ്റി പുറത്തുവിട്ട Annual Review of Workplace Injuries, Illnesses and Fatalities റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകളുള്ളത്. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടല്‍, ഉയരത്തില്‍ നിന്നുള്ള വീഴ്ച എന്നിവയാണ് പകുതിയോളം മരണങ്ങള്‍ക്കും കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ നിന്നുമുണ്ടാവുന്ന ശാരീരികവും, മാനസികവുമായ പരിക്കുകളുടെ എണ്ണത്തില്‍ 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 8 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. 8279 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലു പൊട്ടല്‍, സന്ധികളും, പേശികളുമായി ബന്ധപ്പെട്ട പരിക്കുകള്‍ എന്നിവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികമായ ബുദ്ധിമുട്ടുകളും തൊഴിലിടങ്ങളില്‍ നിന്നും ആളുകള്‍ നേരിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: