അഭയാർത്ഥികൾക്ക് താമസസൗകര്യം നൽകാതെ തിരിച്ചയക്കുന്ന സാഹചര്യം ആശങ്കപ്പെടുത്തുന്നതായി ഉക്രൈൻ അംബാസിഡർ

അയര്‍ലന്‍ഡിലെത്തുന്ന ഉക്രൈന്‍ അഭയാര്‍ഥികള്‍ക്ക് താമസസൗകര്യം നല്‍കാതെ തിരിച്ചയക്കുന്ന നടപടികള്‍ ആശങ്കാജനകമെന്ന് അയര്‍ലന്‍ഡിലെ ഉക്രൈന്‍ അംബാസിഡര്‍ Larysa Gerasko. പുതുതായി പത്തു പേരെക്കൂടി ഇത്തരത്തില്‍ തിരിച്ചയച്ച സാഹചര്യത്തിലാണ് ഉക്രൈന്‍ അംബാസിഡറുടെ പ്രതികരണം. നേരത്തെ സിറ്റി വെസ്റ്റ് ട്രാന്‍സിറ്റ് ഹബ്ബിലെത്തിയ 33 പേരെ അധികൃതര്‍ താമസസൌകര്യം നല്‍കാതെ ഇവിടെ നിന്നും തിരിച്ചയച്ചിരുന്നു. ഇതോടെ വെള്ളിയാഴ്ച മുതല്‍ തിരിച്ചയച്ചവരുടെ എണ്ണം 43 ആയി.

പ്രതിസന്ധിക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ പരിഹാരം കാണുമെന്ന് പ്രതീക്ഷിക്കുന്നതായി Larysa Gerasko പറഞ്ഞു. അവര്‍ ടിക്കറ്റ് എടുത്തുകൊണ്ടാണ് അയര്‍ലന്‍ഡിലേക്ക് വരുന്നത്, അതുകൊണ്ടുതന്നെ താമസസൗകര്യം ഉറപ്പുനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ നേരത്തെ തന്നെ സര്‍ക്കാര്‍ അത് പ്രഖ്യാപിക്കുന്നതാണ് ഉചിതം, അങ്ങിനെയെങ്കില്‍ ഉക്രൈന്‍ വിടുന്നവര്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് പോകാവുന്നതാണെന്നും അവര്‍ പറഞ്ഞു, അയര്‍ലന്‍ഡിലെത്തുന്ന അഭയാര്‍ഥികളെ സ്വീകരിക്കാന്‍ അയര്‍ലന്‍ഡ് സര്‍ക്കാര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതായാണ് തനിക്ക് ലഭിക്കുന്ന വിവരമെന്നും Larysa Gerasko പറഞ്ഞു.

അതേസമയം അഭയാര്‍ഥികളെ താമസസൗകര്യം നല്‍കാതെ തിരിച്ചയക്കുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി വിദേശകാര്യ മന്ത്രി Simon Coveney കഴിഞ്ഞ ദിവസം രംഗത്തെത്തി. നിലവിലെ പ്രതിസന്ധി പരിഹരിക്കേണ്ടത് സര്‍ക്കാരിലെ ഒരു മന്ത്രിയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും, മുഴുവന്‍ സര്‍ക്കാരിന്റേതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: