ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഡബ്ലിൻ വിമാനത്താവളം വഴി യാത്ര ചെയ്യാനിരിക്കുന്നത് 3.5 ലക്ഷത്തോളം ആളുകൾ

ഒക്ടോബര്‍ മാസത്തിലെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡിനോടനുബന്ധിച്ച് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ യാത്ര ചെയ്യാനിരിക്കുന്നത് 3.5 ലക്ഷത്തിലധികം ആളുകള്‍. 1.9 ലക്ഷത്തോളം ആളുകള്‍ ഈ ദിവസങ്ങളിലായി ഡബ്ലിനില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളിലേക്ക് പറക്കും. ഈ നാല് ദിവസങ്ങളിലായി 2200 ലധികം സര്‍വ്വീസുകള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി ഉണ്ടാവുമെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി മീഡീയാ റിലേഷന്‍ മാനേജര്‍ Graeme McQueen പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ഡബ്ലിന്‍ വഴി കടന്നുപോവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവസം. ഒരു ലക്ഷത്തോളം യാത്രക്കാരെയാണ് അന്നേദിവസം DAA പ്രതീക്ഷിക്കുന്നത്. നാല് ദിവസങ്ങളിലായി ഓരോ ദിവസവും ശരാശരി 87000 യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോവുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രതീക്ഷ.

കഴിഞ്ഞ വര്‍ഷത്തെ ഒക്ടോബര്‍ മാസത്തെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡിനെ അപേക്ഷിച്ച് 56 ശതമാനം കൂടുതല്‍ യാത്രക്കാരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 2019 ലെ ഇതേ സമയത്തെ അപേക്ഷിച്ച് 90 ശതമാനം യാത്രക്കാര്‍ ഇത്തവണ കൂടുതലായി യാത്ര ചെയ്യും.

ഞായറാഴ്ച യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ശനിയാഴ്ച രാത്രി മുതലുള്ള സമയമാറ്റത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാത്രി മുതല്‍ ക്ലോക്കില്‍ ഒരുമണിക്കൂര്‍ കുറയുന്ന സാഹചര്യത്തിലാണ് ഇത്. വിമാനം പുറപ്പെടുന്ന ടെര്‍മിനലുകള്‍ സംബന്ധിച്ചും മുന്‍കൂട്ടി ധാരണയുണ്ടാകണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. Aer Lingus, Emirates, Delta, United Airlines , American Airlines എന്നിവ ടെര്‍മിനല്‍ -2 വഴിയും, ബാക്കി എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ -1 ല്‍ നിന്നുമാണ് പുറപ്പെടുക.

Share this news

Leave a Reply

%d bloggers like this: