അയര്‍ലന്‍ഡില്‍ റോഡ് നിയമങ്ങള്‍ ലംഘിച്ചാലുള്ള പിഴശിക്ഷ ഇന്നുമുതല്‍ ഇരട്ടിയാവും

അയര്‍ലന്‍ഡിലെ റോഡ് നിയമങ്ങള്‍ ലംഘിച്ചാലുള്ള പിഴശിക്ഷ ഇരട്ടിയായി ഉയര്‍ത്തിക്കൊണ്ടുളള മാറ്റങ്ങള്‍ ഇന്നുമുതല്‍ നിലവില്‍ വരും. പതിനാറോളം നിയമലംഘനങ്ങള്‍ക്കുള്ള പിഴയാണ് ഇന്നുമുതല്‍ ഇരട്ടിയാക്കി ഉയര്‍ത്തുന്നത്.

അമിതവേഗതയ്ക്കുള്ള പിഴ 80 യൂറോയില്‍ നിന്നും 160 ആയി ഇന്നുമുതല്‍ ഉയരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക, കുട്ടികളെ വാഹങ്ങളില്‍ ഇരുത്തുമ്പോഴുള്ള നിയമങ്ങള്‍ ലംഘിക്കുക എന്നിവയ്ക്കുള്ള പിഴ 120 യൂറോയായി ഇന്നുമുതല്‍ വര്‍ദ്ധിക്കും.

കൂടെ ആളില്ലാതെ വാഹനമോടിക്കുന്ന ലേണര്‍ ഡ്രൈവര്‍മാര്‍ക്കുള്ള പിഴ 160 യൂറോ ആയാണ് ഇന്നുമുതല്‍ വര്‍ദ്ധിക്കുക, L, N ബോര്‍ഡുകളില്ലാതെ വാഹനമോടിക്കുന്ന ലേണര്‍ ഡ്രൈവര്‍മാര്‍ക്കുള്ള ഫൈന്‍ ഇന്നുമുതല്‍ 120 യൂറോ ആയിരിക്കും. മറ്റു യാത്രക്കാരെ അപകടത്തിലാക്കുന്ന തരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കുള്ള പിഴശിക്ഷകളും ഇന്നുമുതല്‍ വര്‍ദ്ധിക്കും.

ഇവയ്ക്ക് പുറമെ മൂന്ന് ഫിക്സഡ് ചാര്‍ജ്ജ് നോട്ടീസുകള്‍ കൂടെ 2023 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത വകുപ്പ് സഹമന്ത്രി Hildegarde Naughton കഴിഞ്ഞ ദിവസം പറഞ്ഞു. അംഗപരിമിതര്‍ക്കായുള്ള പാര്‍ക്കിങ് സ്പേസ് അനധികൃതമായി ഉപയോഗിക്കുക, ഇലക്ട്രിക് ചാര്‍ജ്ജിങ് ബേ കളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുക, HGV ban ലംഘിച്ചുകൊണ്ട് പൊതുറോഡുകളിലേക്ക് പ്രവേശിക്കുക എന്നിവയുമാണ് ബന്ധപ്പെട്ടവയാണ് ഈ നോട്ടീസുകള്‍.

ഈ വര്‍ഷം ഇതുവരെ 123 മരണങ്ങള്‍ അയര്‍ലന്‍ഡിലെ റോഡുകളില്‍ നടന്നതായി Hildegarde Naughton കഴിഞ്ഞ ദിവസം പറഞ്ഞു. Croke Park ല്‍ നടന്ന റോഡ് സേഫ്റ്റി അതോറിറ്റിയുടെ വാര്‍ഷിക സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. മരണങ്ങള്‍ കൂടിയ സാഹചര്യത്തിലാണ് ഫൈന്‍ കൂട്ടാനായി തീരുമാനമെടുത്തതെന്നും, ഫൈന്‍ ഉയര്‍ത്തിയത് റോഡിലെ നിയമലംഘനങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: