ഉക്രൈനിലെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ ലക്ഷ്യം വച്ചുള്ള റഷ്യൻ മിസൈൽ ആക്രമണങ്ങളെ വിമർശിച്ച് അയർലൻഡ് പ്രധാനമന്ത്രി

ഉക്രൈനിലെ ഊര്‍ജ്ജശ്രംഖലകള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തകർക്കാൻ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് അയര്‍ലന്‍ഡ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. ഇതുവഴി ഉക്രൈനിലെ ജനങ്ങള്‍ക്ക് തങ്ങളുടെ രാജ്യത്ത് താമസിക്കുക എന്നത് അസാധ്യമാക്കി മാറ്റുകയാണ് റഷ്യ ചെയ്യുന്നതെന്ന് മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഉക്രൈനിലെ യുദ്ധവും, യൂറോപ്പിലെ വിശാലമായ ജിയോപൊളിറ്റിക്കല്‍ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ജനങ്ങളുടെ സ്വഭാവിക ജീവിതത്തിന് തടസ്സം സൃഷ്ടിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് റഷ്യയുടെ ചെയ്തികള്‍, ജനങ്ങള്‍ക്കെതിരാ‍ യഥാര്‍ത്ഥ യുദ്ധക്കുറ്റങ്ങളാണ് റഷ്യ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധസാഹചര്യത്തില്‍ അയര്‍ലന്‍ഡിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തില്‍ തീവ്രവലതുവിഭാഗത്തിന്റെ പ്രതിഷേധങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകളും അയര്‍ലന്‍ഡ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തള്ളി. ഉക്രൈനിലേക്കെത്തുന്നവര്‍ക്കായി സ്കൂളുകളും, ആരോഗ്യ സേവനങ്ങളും വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തില്‍ തുറന്ന് നല്‍കുന്നതായും, ഉക്രൈനില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ താമസത്തിനടക്കമുള്ള പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ ആദ്യം ശബ്ദമുയര്‍ത്തുന്നത് അയര്‍ലന്‍ഡിലെ അദ്ധ്യാപകരാണെന്നും മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.

ഇതുവരെ 65000 ഉക്രൈന്‍ അഭയാര്‍ഥികള്‍ യുദ്ധസാഹചര്യത്തില്‍ രാജ്യം വിട്ട് അയര്‍ലന്‍ഡിലേക്കെത്തിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍. ഈ വര്‍ഷം അവസാനത്തോടെ ഇത് 72000 വരെയെത്താമെന്നുള്ള കണക്കുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: