അയർലൻഡിലെ ഭവനരഹിതരുടെ എണ്ണത്തിൽ വീണ്ടും റെക്കോഡ് വർദ്ധനവ്

അയര്‍ലന്‍ഡിലെ ഭവനരഹിതരുടെ എണ്ണത്തില്‍ വീണ്ടും റെക്കോഡ്. ഒക്ടോബര്‍ മാസത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 11397 പേരാണ് രാജ്യത്ത് ഭവനരഹിതരായിട്ടുള്ളത്. തുടര്‍ച്ചയായ നാലാം മാസമാണ് രാജ്യത്തെ ഭവനരഹിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാവുന്നത്. സെപ്തംബര്‍ മാസത്തെ അപേക്ഷിച്ച് 422 പേരുടെ വര്‍ദ്ധനവാണ് ഭവനരഹിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടബോര്‍ മാസത്തെ അപേക്ഷിച്ച് ഭവനരഹിതരുടെ എണ്ണത്തില്‍ 29 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി ഹൌസിങ് ചാരിറ്റി Focus Ireland റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം രാജ്യത്തുടനീളം ഭവനരഹിതരായിട്ടുള്ളവരുടെ യഥാര്‍ത്ഥ കണക്കുകളല്ല സര്‍ക്കാര്‍ പുറത്തുവിടുന്നതെന്ന് ഫോക്കസ് അയര്‍ലന്‍ഡിന്റെ വാദം. എമര്‍ജന്‍സി അക്കമഡേഷന്‍ സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആളുകളെ മാത്രം ഉള്‍ക്കൊളളിച്ചുകൊണ്ടുള്ളതാണ് ഔദ്യോഗിക കണക്കുകളെന്നും, ധാരാളം പേരെ തെരുവുകളില്‍ തങ്ങള്‍ കാണാറുണ്ടെന്നും ഫോക്കസ് അയര്‍ലന്‍ഡ് പ്രചാരണ കോര്‍ഡിനേറ്റര്‍ Louise Bayliss പറഞ്ഞു.

പുറത്തുവന്നിരിക്കുന്ന കണക്കുകള്‍ നാണക്കേടുവളവാക്കുന്നവയാണെന്ന് ഫോക്കസ് അയര്‍ലന്‍ഡ് ചീഫ് എക്സിക്യൂട്ടീവ് Pat Dennigan പ്രതികരിച്ചു. മോശം നയങ്ങളാണ് ഭവനരഹിതരുടെ എണ്ണം കൂട്ടാന്‍ കാരണമെന്നും, ഭവനപ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതിലൂടെ 3500 ഓളം കുട്ടികള്‍ ഈ വര്‍ഷത്തെ കൃസ്തുമസ് കാലം എമര്‍ജന്‍സി അക്കമഡേഷന്‍ സെന്ററുകളില്‍ ചിലവഴിക്കേണ്ടി വരുന്നതായും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: