അയർലൻഡ് സിറ്റിസൺഷിപ് സെറിമണി ഇന്നും നാളെയും ; രണ്ടു ദിവസങ്ങളിലായി ഐറിഷ് പൗരത്വം ലഭിക്കുക 326 ഇന്ത്യക്കാർ ഉൾപ്പെടെ 3500 പേർക്ക്

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികളിലൂടെ 3500 പേര്‍ ഐറിഷ് പൗരന്‍മാരാവും. Kerry യിലെ Killarney ല്‍ വച്ച് ഇന്നും നാളെയുമായി നടക്കുന്ന ചടങ്ങുകളില്‍ 130 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അയര്‍ലന്‍ഡ് naturalisation സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. തുടര്‍ന്ന് ഇവര്‍ അയര്‍ലന്‍ഡ് പൗരത്വം സ്വീകരിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞയും ചൊല്ലും.

രണ്ട് ദിവസങ്ങളിലായി നാല് വ്യത്യസ്ത ചടങ്ങുകളാണ് നടക്കുക. ജസ്റ്റിസ് വകുപ്പ് സഹമന്ത്രി James Browne, ഡിസബിലിറ്റി വകുപ്പ് സഹമന്ത്രി Anne Rabbitte എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. മുന്‍ ഹൈക്കാടതി ജ‍ഡ്ജ് Bryan McMahon, മുന്‍ ജഡ്ജ് Paddy McMahon എന്നിവരാണ് ചടങ്ങുകള്‍ക്ക് അദ്ധ്യക്ഷത വഹിക്കുന്നത്.

ഐറിഷ് പൗരത്വം സ്വീകരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യു.കെയില്‍ നിന്നുമാണ്. 375 യു.കെ സ്വദേശികളാണ് ഇന്നും നാളെയുമായി ഐറിഷ് പൗരത്വം സ്വീകരിക്കുക. ഇന്ത്യയില്‍ നിന്നുമുള്ളവരാണ് രണ്ടാം സ്ഥാനത്ത്. ആകെ 326 ഇന്ത്യന്‍ വംശജര്‍ രണ്ട് ദിവസങ്ങളിലായി ഐറിഷ് പൗരത്വം സ്വീകരിക്കും. പാകിസ്ഥാന്‍(282), പോളണ്ട്(170), സിറിയ(159) എന്നിവയാണ് മുന്‍പന്തിയിലുള്ള മറ്റു രാജ്യങ്ങള്‍.

ഐറിഷ് പൗരത്വം ലഭിക്കുന്നതിലൂടെ ജനങ്ങൾക്ക് ഐറിഷ് ഭരണഘടന പ്രകാരമുള്ള മൗലികാവകാശങ്ങൾ ആസ്വദിക്കാനും, ഭരണഘടനയെ മാറ്റിമറിച്ചേക്കാവുന്ന റഫറണ്ടയിൽ വോട്ടുചെയ്യാനും, ഐറിഷ് പാസ്‌പോർട്ട് നേടാനും യാത്ര ചെയ്യാനുമുള്ള പുതിയ വാതിലുകൾ തുറക്കുകയാണെന്ന് മിനിസ്റ്റര്‍ Browne പറഞ്ഞു.

അയര്‍ലന്‍ഡില്‍ സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ ആരംഭിച്ചതുമുതല്‍ ഇതുവരെ നടന്ന 158 ചടങ്ങുകളിലൂടെ 155000 ആളുകള്‍ക്ക് പൗരത്വം ലഭിച്ചതായാണ് കണക്കുകള്‍. 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതുവരെ പൗരത്വം നല്‍കിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്ന സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ പിന്നീട് ഓണ്‍ലൈനിലായിരുന്നു നടന്നത്. ജൂണ്‍ മാസത്തിലായിരുന്നു പിന്നീട് പൊതുവേദിയിലുള്ള സിറ്റിസണ്‍ഷിപ്പ് സെറിമണി പുനരാരംഭിച്ചത്. അന്ന് നടന്ന ചടങ്ങില്‍ 950 പേര്‍ക്ക് ഐറിഷ് പൗരത്വം നല്‍കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: