പ്രീ-ക്വാർട്ടർ കടമ്പ കടന്ന് ഫ്രാൻസും,ഇംഗ്ലണ്ടും ; ബ്രസീലിനും,ക്രൊയേഷ്യക്കും ഇന്ന് ഏഷ്യൻ പരീക്ഷണം

ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ വിജയിച്ച് ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി ഫ്രാന്‍സും ഇംഗ്ലണ്ടും. പോളണ്ടിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ഇരട്ട ഗോളുകളുമായി യുവതാരം എംബാപ്പെ തിളങ്ങിയപ്പോള്‍ ജിറൂഡിന്റെ വകയായിരുന്നു ഫ്രാന്‍സിന്റെ മറ്റൊരു ഗോള്‍. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ജിറൂഡിന്റെ ഗോളിലൂടെയായിരുന്നു ഫ്രാന്‍സ് അക്കൌണ്ട് തുറന്നത്. ആദ്യപകുതിക്ക് ശേഷം 74 ാം മിനിറ്റിലും, അധികസമയത്തും എംബാപ്പേ ഫ്രാന്‍സിനായി വലകുലുക്കി. അവസാനനിമിഷം ലഭിച്ച പെനാല്‍റ്റിയിലൂടെ ലെവന്റോസ്കിയായിരുന്നു പോളണ്ടിന്റെ ആശ്വാസഗോള്‍ നേടിയത്.

സെനഗലിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. ഹെന്റേഴ്സ്ണ്‍, ഹാരി കെയിന്‍, സാക്ക എന്നിവര്‍ ഇംഗ്ലണ്ടിനായി ഗോളുകള്‍ നേടി.

പ്രീക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ക്രൊയേഷ്യ. ബ്രസീല്‍ ടീമുകള്‍ക്ക് ഏഷ്യന്‍ ടീമുകളാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 8.30 ന് നടക്കുന്ന മത്സരത്തില്‍ ക്രൊയേഷ്യ ജപ്പാനെ നേരിടും. രാത്രി 12.30 നടക്കുന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ വമ്പന്‍ ടീമുകളെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിന്റെ ബലത്തിലാണ് ജപ്പാന്‍, ദക്ഷിണ കൊറിയ ടീമുകള്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. സ്പെയിന്‍, ജര്‍മ്മനി എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ നിന്നും ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ജപ്പാന്റെ വരവ്.

Share this news

Leave a Reply

%d bloggers like this: