ഡബ്ലിനിലെ ടാക്സി കാർ തട്ടിപ്പ് സംഘം ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ഇതുവരെ തട്ടിയെടുത്തത് മൂന്ന് ലക്ഷം യൂറോയോളം

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടാക്സി- കാര്‍ തട്ടിപ്പ് സംഘങ്ങള്‍ ഇതുവരെ ആളുകളുടെ ബാങ്ക് അക്കൌണ്ടുകളില്‍ നിന്നും തട്ടിയെടുത്തത് മൂന്ന് ലക്ഷത്തിലധികം യൂറോ. ഒരു പ്രമുഖ ഐറിഷ് മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഈ ക്രിമിനല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെ വ്യാപ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്. കൃസ്തുമസ് ആഘോഷകാലത്തെ ടാക്സി ക്ഷാമം മുതലെടുത്ത് കൊണ്ട് ഈ സംഘങ്ങള്‍ കൂടുതല്‍ ആളുകളെ ലക്ഷ്യം വയ്ക്കാനുള്ള സാധ്യതയും ഏറി വരികയാണ്.

നൂറോളം ആളുകള്‍ ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായതായാണ് Independent.ie കഴിഞ്ഞ ദിവസം പുറത്തുവിട്ട വിവരം. യഥാര്‍ത്ഥ ടാക്സികള്‍ എന്ന് തോന്നിക്കുന്ന രീതിയില്‍ മാറ്റം വരുത്തിയ കാറുകളുമായാണ് ഇവര്‍ എത്തുക. പബ്ബുകളില്‍ നിന്നും, ബാറുകളില്‍ നിന്നും ഇറങ്ങിവരുന്ന പുരുഷന്‍മാരെയാണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. ടാക്സികളില്‍ കയറിക്കഴിഞ്ഞാല്‍ ഇവരുടെ ഫോണ്‍ പാസ്‍വേഡുകള്‍ തന്ത്രത്തില്‍ മനസ്സിലാക്കുന്ന ഇവര്‍ ഫോണ്‍ മോഷ്ടിച്ച ശേഷം കടന്നുകളയുകയാണ് പതിവ്. ശേഷം അക്കൌണ്ടില്‍ നിന്നും വന്‍തുക ഇവര്‍ തട്ടിയെടുക്കുകയും ചെയ്യും. ഇത്തരത്തില്‍ ഓരോരുത്തരില്‍ നിന്നും 3000 മുതല്‍ 4000 വരെ യൂറോ തട്ടിയെടുക്കുന്നതായാണ് ഗാര്‍ഡ നല്‍കുന്ന വിവരം.

ഇത്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം രണ്ട് പേരെ ഗാര്‍ഡ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ടാക്സി കാറുകളാക്കി രൂപം മാറ്റം വരുത്തിയ ഏതാനും വാഹനങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. തട്ടിപ്പിന് പിന്നിലുള്ള മുഴുവന്‍ ആളുകളെയും കണ്ടെത്തുന്നതിനായി Pearse Street ഗാര്‍ഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം ഇപ്പോഴും തുടരുകയുമാണ്.

Share this news

Leave a Reply

%d bloggers like this: