ലൂക്കനിൽ വനിതാ ടാക്സി ഡ്രൈവർക്കു നേരെ ക്രൂരമായ ആക്രമണം ; രണ്ടു മിനിറ്റിനുള്ളിൽ ഇടിയേറ്റത് ഇരുപത് തവണ

ലൂക്കനില്‍ വനിതാ ടാക്സി ഡ്രൈവര്‍ക്ക് നേരെ ക്രൂരമായ ആക്രമണം. ഡിസംബര്‍ 19 തിങ്കളാഴ്ച അര്‍ദ്ധരാത്രി നടന്ന അക്രമത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വെറും രണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ ഇരുപതിലധികം തവണ തന്നെ ഇടിച്ചതായി ടാക്സി ഡ്രൈവര്‍ പരാതിപ്പെടുന്നു. ഇവരുടെ പരാതിയെത്തുടര്‍ന്ന് ഗാര്‍ഡ നിലവില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ലൂക്കനിലെ ഒരു പബ്ബില്‍ നിന്നും രണ്ടു പേര്‍ ഇവരുടെ കാറിലേക്ക് കയറുകയായിരുന്നു. ഇരുവരെയും വീട്ടിലാക്കിയ ശേഷം ടാക്സി ചാര്‍ജ്ജ് നല്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും ഇത് നല്‍കാതെ വീടിനുള്ളിലേക്ക് കയറി. തുടര്‍ന്ന് ഏറെ നേരം വീടിന്റെ വാതില്‍ മുട്ടിയപ്പോള്‍ വീടിനുള്ളില്‍ നിന്നും ഒരാള്‍ ഇറങ്ങി വന്ന് തന്നെ അകത്തേക്ക് വലിച്ചിടാന്‍ ശ്രമിച്ചതായി ടാക്സി ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കേവേ ഇയാള്‍ പിന്തുടര്‍ന്ന് വരികയും, തന്നെ നിലത്തേക്ക് വലിച്ചിട്ട ശേഷം തുടര്‍ച്ചായി ഇടിക്കുകയും ചെയ്തതായി ഇവര്‍ ഗാര്‍ഡയെ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ ടാക്സി ഡ്രൈവറെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും, നിലവില്‍ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ് ഗാര്‍ഡ നല്‍കുന്ന വിവരം.

Share this news

Leave a Reply

%d bloggers like this: