അറസ്റ്റിനിടെ ഗാർഡ ഉദ്യോഗസ്ഥനെതിരെ ആക്രമണം ; ഒരാൾ പിടിയിൽ

അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ ഗാര്‍ഡ ഉദ്യോഗസ്ഥനെതിരെ ആക്രമണം. ഡബ്ലിന്‍ Ballymun ഏരിയയിലാണ് അക്രമം നടന്നത്. ഉദ്യോഗസ്ഥന് അക്രമാരിയില്‍ നിന്ന് കടിയേറ്റതായും, ഇദ്ദേഹത്തിന്റെ കയ്യിലും, വിരലുകളിലും ഗുരുതരമായി പരിക്കേറ്റതുമായാണ് ലഭ്യമാവുന്ന വിവരം. അക്രമകാരിയെ പിന്നീട് ഗാര്‍ഡ പിടികൂടിയ ശേഷം Ballymun ഗാര്‍ഡ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ ഉദ്യോഗസ്ഥന്‍ നിലവില്‍ Blanchardstown Connolly ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം നടന്നത്. അപകടകരമായ രീതിയില്‍ വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്യാനായി എത്തിയതായിരുന്നു ഉദ്യോഗസ്ഥന്‍. Gulliver’s Retail Park ന് സമീപത്തായി ഇയാള്‍ അമിതവേഗത്തില്‍ വാഹനമോടിക്കുകയും മറ്റൊരു വാഹനത്തെ ഇടിക്കുകയും ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ യാതൊരു പ്രകോപനവും കൂടാതെ തന്നെ ഇയാള്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.

അക്രമത്തെ അപലപിച്ചുകൊണ്ട് ജസ്റ്റിസ് മിനിസ്റ്റര്‍ സൈമണ്‍ ഹാരിസ് ഇന്നലെ രംഗത്തുവന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനോടൊപ്പം നിലകൊള്ളുമെന്നും, എല്ലാവരെയും സുരക്ഷിതരായി നിര്‍ത്തുന്നതിനായി ഗാര്‍ഡ എത്രത്തോളം അപകടങ്ങളെ നേരിടേണ്ടി വരുന്നുവെന്ന് ഏവരും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഡയുടെ സുരക്ഷയ്ക്കായി ബോഡി-ക്യാം അടക്കമുള്ള സംവിധാനങ്ങള്‍ ഈ വര്‍ഷം തന്നെ ഏര്‍പ്പെടുത്തുമെന്നും, ഇത്തരം അക്രമകാരികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അക്രമത്തെ ശക്തമായി അപലപിക്കുന്നതായി ഗാര്‍ഡ റെപ്രസന്റേറ്റിവ് അസോസിയേഷനും(GRA) കഴിഞ്ഞ ദിവസം പ്രസ്താവന നടത്തി. തുടര്‍ച്ചയായി ഇത്തരം അക്രമങ്ങള്‍ ഉണ്ടാവുകയാണെന്നും ഇത്തരം സംഭവങ്ങള്‍ നേരിടുന്നതിനായി പ്രത്യേക ദൗത്യസംഘത്തെ സര്‍ക്കാര്‍ ഏര്‍പ്പാടാക്കണമെന്നും GRA ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: