റോഡിലെ കുഴിയിൽ വീണ് വാഹനത്തിന് കേടുപാട് സംഭവിച്ചോ ? കൗണ്ടി കൗൺസിലുകൾ വഴി നഷ്ടപരിഹാരത്തിനായി ക്ലെയിം ചെയ്യാം

റോഡിലെ കുഴികളില്‍ വീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍ ഉണ്ടാവുന്ന നഷ്ടങ്ങള്‍ കൗണ്ടി കൗണ്‍സിലുകള്‍ വഴി ക്ലെയിം ചെയ്യാമെന്ന് ഡ്രൈവിങ് പരിശീലകനായ Andy McGuinniety. ഇത്തരത്തില്‍ സംഭവിച്ച നഷ്ടം മീത്ത് കൗണ്ടി കൗണ്‍സില്‍ വഴി ക്ലെയിം ചെയ്തപ്പോള്‍ ഒരു മാസത്തിനുള്ളില്‍ തനിക്ക് നഷ്‌ടമായ തുക തിരികെ ലഭിച്ചതായും, ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ മറ്റു ഡ്രൈവര്‍മാരോട് ഇതിനായി ആവശ്യപ്പെടുന്നതെന്നും ഇദ്ദേഹം പറഞ്ഞു. 2020 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള 250 ക്ലെയിമുകളിലായി ആകെ 60000 യൂറോയോളം മീത്ത് കൗണ്ടി കൗണ്‍സില്‍ വഴി നല്‍കിയതായി കൗണ്ടി കൗണ്‍സിലും ‍ വെളുപ്പെടുത്തിയിട്ടുണ്ട്.

ഒരു വിദ്യാര്‍ഥിനിയെ പരിശീലനത്തിനായി കൊണ്ടുപോവുമ്പോഴായിരുന്നു കുഴിയില്‍ വീണ് Andy McGuinniety യുടെ കാറിന്റെ ടയര്‍ പഞ്ചറായത്. തുടര്‍ന്ന് ഇദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങിയ ശേഷം പൊട്ടിയ ടയറിന്റെയും, വാഹനത്തിന്റെയും ഫോട്ടോ എടുക്കുകയും, ടയര്‍ മാറ്റുകയും ചെയ്തു. ഈ കുഴിയടക്കാന്‍ ഒരു തവണ തദ്ദേശ അധികൃതര്‍ ശ്രമിച്ചതിന്റെ തെളിവുകളും അവിടെയുണ്ടായിരുന്നതായി ഇദ്ദേഹം വെളിപ്പെടുത്തി.

ഉടന്‍ തന്നെ ഇദ്ദേഹം മീത്ത് കൗണ്ടി കൗണ്‍സില്‍ ഓഫീസിലേക്ക് വിളിക്കുകയും കാര്യം അറിയിക്കുകയും ചെയ്തു. Irish Public Body Insurance ലേക്ക് വിളിച്ച് കാര്യം അറിയിക്കാനായിരുന്നു ഇവിടെ നിന്നും നല്‍കിയ നിര്‍ദ്ദേശം. ഇവിടെ നിന്നും ലഭിച്ച ലിങ്കിലേക്ക് വാഹനത്തിന്റെ ഫോട്ടോകള്‍ അയച്ചുകൊടുക്കുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ തന്നെ തുക തന്റെ ബാങ്കിലേക്ക് ലഭിച്ചതായാണ് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 110 യൂറോ ടയര്‍ മാറാന്‍ ചിലവ് വന്നപ്പോള്‍ 93.50 യൂറോയാണ് തിരികെ ലഭിച്ചത്.

“കുഴിയെക്കുറിച്ച് കൗൺസിലിന് അറിയില്ലെങ്കിൽ, അത് അവരുടെ ഉത്തരവാദിത്തമല്ലെന്നാണ് താന്‍ കരുതുന്നതെന്നും, പക്ഷേ അവർ മുമ്പ് ഇത് നന്നാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ,‍ഡ്രൈവര്‍മാര്‍ക്ക് ഇത്തരത്തില്‍ ക്ലെയിം ചെയ്യാമെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

2020ല്‍ മാത്രം മീത്ത് കൗണ്ടി കൗണ്‍സിലില്‍ 80 ക്ലെയിമുകളാണ് ഇത്തരത്തില്‍ വന്നത്. ആകെ 16938 യൂറോ അനുവദിക്കുകയും ചെയ്തു. 2021 ല്‍ ആകെ 105 ക്ലെയിമുകളില്‍ നിന്നും 24607 യൂറോ അനുവദിച്ചതായും, 2022 ല്‍ 65 ക്ലെയിമുകളില്‍ നിന്നുമായി 18053 യൂറോ അനുവദിച്ചതായും മീത്ത് കൗണ്ടി കൗണ്‍സില്‍ അധികൃതര്‍ വെളിപ്പെടുത്തി.

നിങ്ങളുടെ കൗണ്ടി കൗണ്‍സിലുകളില്‍ നിന്നും ഇത്തരത്തിലുള്ള ക്ലെയിമുകള്‍ ലഭ്യമാണോ എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് കൗണ്ടി കൗണ്‍സിലുകളുമായി ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: