അഭയാർത്ഥി അപ്പീലുകൾ പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് ; അപ്പീലുകളുടെ എണ്ണത്തിൽ വർദ്ധനവ്

അയര്‍ലന്‍ഡില്‍ അഭയാര്‍ത്ഥി അപ്പീല്‍ അപേക്ഷകരുടെ എണ്ണം കുത്തനെ കൂടുമ്പോഴും, അപ്പീലുകള്‍‍ പരിഗണിക്കുന്ന International Protection Appeals Tribunal (IPAT) ലെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കുറവ്. 2019 ന് ശേഷം ജീവനക്കാരുടെ എണ്ണത്തില്‍ 8 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ IPATന് മുന്‍പാകെ 850 ലധികം അപ്പീലുകളാണ് തീരുമാനമാവാതെ കിടക്കുന്നത്.

അയര്‍ലന്‍‍ഡില്‍ അഭയാര്‍ത്ഥി പദവി നിഷേധിക്കപ്പെടുന്നവര്‍ക്ക് ഈ തീരുമാനം പുനപരിശോധിക്കാനായി സമീപിക്കാവുന്ന സമിതിയാണ് IPAT. 2019 ല്‍ 50 ഉദ്യോഗസ്ഥര്‍ ഇവിടെ ജോലി ചെയ്തിരുന്നതായും, 2023 ആവുമ്പോഴേക്കും ഇത് 46 ആയി കുറഞ്ഞതായും ജസ്റ്റിസ് വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു. ഇതേ കാലയളവില്‍ അഭയാര്‍ത്ഥി അപേക്ഷകളും രാജ്യത്ത് വലിയ രീതിയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2019 ല്‍ 4781 അഭയാര്‍ത്ഥി അപേക്ഷകളായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. 2023 ല്‍ ഇത് 13651 ആയി ഉയര്‍ന്നു. അപ്പിലുകളുടെ എണ്ണവും വരും മാസങ്ങളില്‍ കുത്തനെ കുടുമെന്ന സാധ്യതയാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ആകെ 1558 അഭയാര്‍ത്ഥി അപ്പീലുകളില്‍ ട്രിബ്യൂണല്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്.

Repatriation വിഭാഗത്തിലും ഉദ്യോഗസ്ഥരുടെ കുറവ് വന്നതായി ജസ്റ്റിസ് ഡിപാര്‍ട്മെന്റ് കഴിഞ്ഞ ദിവസം പുറത്തുവിട്ട ഡാറ്റയില്‍ വ്യക്തമാക്കിയിട്ടുണ്ട്. deportation ഓഡറുകള്‍ പുറപ്പെടുവിക്കാന്‍ ചുമതലയുള്ള വിഭാഗമാണ് ഇത്. 2019 ല്‍ 58 ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 45 പേര്‍ മാത്രമാണുള്ളത്.

അതേസമയം 2019 മുതലുള്ള അഭയാര്‍ത്ഥി അപേക്ഷകരില്‍ ഏകദേശം 80 ശതമാനം പേര്‍ക്കും രാജ്യത്ത് തന്നെ തുടരാനുള്ള അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏകദേശം 22 ശതമാനത്തോളം അപേക്ഷകള്‍ തള്ളുകയും ചെയ്തു. നിലവില്‍ 14,849 കേസുകളാണ് പരിഗണിക്കപ്പെടാനായി കാത്തിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: