ഡബ്ലിൻ വിമാനത്താവളത്തിലെ ഡ്രോൺ സാന്നിദ്ധ്യം ; ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ സാന്നിദ്ധ്യം മൂലം തുടര്‍ച്ചയായ ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ തടസ്സപ്പെട്ട വിഷയത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍. വിഷയം വളരെ ഗൌരവത്തോടെയാണ് കാണുന്നതെന്നും, ഡ്രോണുകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നത് തടയാന്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് മിനിസ്റ്റര്‍ Eamon Ryan, മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് Jack Chambers എന്നിവര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഡ്രോണ്‍ സാന്നിദ്ധ്യവും, വിമാനസര്‍വ്വീസുകളിലെ തടസ്സവും ചര്‍ച്ച ചെയ്യുന്നതിനായി ഇരു മന്ത്രിമാരും കഴിഞ്ഞദിവസം ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി, ഐറിഷ് ഏവിയേഷന്‍ അതോറിറ്റി, ജസ്റ്റിസ് ഡിപാര്‍ട്മന്റ്, ഗാര്‍ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.

അതേസമയം ഡ്രോണുകള്‍ വിമാനങ്ങള്‍ക്ക് വലിയ രീതിയിലുള്ള ഭീഷണിയാണെന്നും, എഞ്ചിനുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ ഉണ്ടാക്കുമെന്നും പ്രമുഖ ഏവിയേഷന്‍ വിദഗ്ധനും, മുന്‍ വ്യോമസേന ഉദ്യോഗസ്ഥനുമായ ലെഫ്റ്റനന്റ് കേണല്‍ Kevin Byrne പറഞ്ഞു.

അയര്‍ലന്‍ഡില്‍ ഏകദേശം 40000 ത്തോളം അംഗീകൃത ഡ്രോണ്‍ യൂസര്‍മാര്‍ ഉള്ളതായും, ഐറിഷ് ഏവിയേഷന്‍ അതോറിറ്റി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയിലാണ് നടത്തിക്കൊണ്ടുപോവുന്നതെന്നും. ‍ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവത്തിന് പിന്നില്‍ ഈ കുട്ടത്തില്‍ ഉള്ളവര്‍ ആയിരിക്കില്ലഎന്നും അദ്ദേഹം പറഞ്ഞു. എവിടെയൊക്കെ ഡ്രോണുകള്‍ പറത്താം എന്നത് സംബന്ധിച്ച് കൃത്യമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: