“ഇത് നിങ്ങളുടെയും വീട്”; അയർലൻഡിലെ ഉക്രൈൻകാരോട് മീഹോൾ മാർട്ടിൻ

ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടയാളപ്പെടുത്തി ഡബ്ലിനില്‍ വന്‍ റാലി സംഘടപ്പിക്കപ്പെട്ടു. യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് O’Connell Street ല്‍‍ നടന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അയര്‍ലന്‍ഡ് ഉപപ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

“സമാധാനം പുനസ്ഥാപിക്കപ്പെട്ട ഉക്രൈന്റെ മണ്ണിലേക്ക് ഏവര്‍ക്കും തിരികെ പോവാന്‍ കഴിയന്നതും, നിങ്ങള്‍ ഉപേക്ഷിച്ചുവന്ന ഉറ്റവരെയും , സുഹൃത്തുക്കളെയും കാണാന്‍ സാധിക്കുന്നതുമായ ആ ഒരു ദിവസത്തിനായാണ് നാം കാത്തിരിക്കുന്നത്. ആ ദിവസം വരിക തന്നെ ചെയ്യുമെന്നും, അതുവരെ അയര്‍ലന്‍ഡിനെ സ്വന്തം വീടായി കാണാമെന്നും” മീഹോള്‍ മാര്‍ട്ടിന്‍ റാലിയില്‍ പറഞ്ഞു. ഉക്രൈനുള്ള അയര്‍ലന്‍ഡിനുള്ള പിന്തുണയും, ഉക്രൈന്റെ ഇ.യു അംഗത്വത്തിനുള്ള പിന്തുണയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“അയര്‍ലന്‍ഡ് മിലിറ്ററി ന്യൂട്രല്‍ ആയ രാജ്യമാണെങ്കിലും, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും. യുദ്ധക്കുറ്റങ്ങള്‍ നടക്കുമ്പോഴും രാഷ്ട്രീയപരമായോ, ധാര്‍മ്മികപരമായോ ന്യൂട്രല്‍ ആവാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും” മീഹോള്‍ മാര്‍ട്ടിന്‍ കൂട്ടിച്ചേര്‍ത്തു.

അയര്‍ലന്‍ഡിന് നന്ദി അറിയിച്ചുകൊണ്ടുള്ള വിവിധ ബാനറുകള്‍ ഉയര്‍ത്തിയും, മുദ്രാവാക്യങ്ങള്‍ മുഴക്കിയുമായിരുന്നു ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. അയര്‍ലന്‍ഡിലെ ഉക്രൈന്‍ അംബാസിഡര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ റാലിയുടെ ഭാഗമായിരുന്നു.

കഴിഞ്ഞ ദിവസം സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യുദ്ധസാഹചര്യത്തില്‍ ഉക്രൈന്‍ വിട്ട് 75000 ത്തിലധികം ആളുകളാണ് അയര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നത്.

Share this news

Leave a Reply

%d bloggers like this: