ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള ‘ശബ്ദശല്യം’ രൂക്ഷം ; പരിസരവാസികൾ നിയമ നടപടിക്കൊരുങ്ങുന്നു

വിമാനങ്ങള്‍ ലാന്റ് ചെയ്യുമ്പോഴും, ടേക്ക് ചെയ്യുമ്പോഴുമുള്ള വലിയ ശബ്ദം തങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായും, ഇത് സംബന്ധിച്ച് നിയമനടപടികള്‍ക്കൊരുങ്ങുകയാണെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് പരിസരവാസികള്‍. ഫ്ലൈറ്റ് പാത്തുകളില്‍ മാറ്റം വരുത്തിയിട്ടും പ്രശ്നം തുടരുന്ന സാഹചര്യത്തിലാണ് പ്രദേശവാസികള്‍ നിയമനടപടികളിലേക്ക് നീങ്ങുന്നത്.

The Ward, Coolquay, Ballyboughal, St Margaret’s, Kilsallaghan എന്നിവിടങ്ങളിലെ ആളുകളാണ് ഇതുമൂലം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നത്. റൂട്ടുകളിലെ ഭേഗഗതി മൂലം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്നും, അടുത്ത ദിവസങ്ങളിലായി ശബ്ദശല്യം കൂടിവന്നതായും ഇവിടങ്ങളിലെ പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ടിലെ രണ്ടാം റണ്‍വേ പ്രവര്‍ത്തനം ആരംഭിച്ചതുമുതല്‍ റണ്‍വേയിലെ ഫ്ലൈറ്റ് പാത്ത് സംബന്ധിച്ച് പ്രദേശവാസികള്‍ പരാതികള്‍ ഉയര്‍ത്തിയിരുന്നു. പ്ലാനിങ് പെര്‍മിഷനിലുള്ളതിന് വിരുദ്ധമായ റൂട്ടിലാണ് വിമാനങ്ങള്‍ പറക്കുന്നതെന്നായിരുന്നു പരാതി. ഈ വിഷയം ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തന്നെ സമ്മതിക്കുകയും, ഈ വിഷയത്തില്‍ പ്രദേശവാസികളോട് എയര്‍പോര്‍ട്ട് അതോറിറ്റി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നായിരുന്നു DAA അന്നുപറഞ്ഞത്.

കഴിഞ്ഞ ആറുമാസക്കാലമായി സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടത്താന്‍ കഴിയുന്നില്ലെന്ന പരാതിയുമായി Kilcoskan നാഷണല്‍ സ്കൂള്‍ ഡെപ്യൂട്ടി പ്രിന്‍സിപ്പാള്‍ Patricia Finnegan യും രംഗത്തെത്തി. സ്കൂളുകളിലെ PE ക്ലാസുകളെയും, സ്കൂളുകളില്‍ നടത്തുന്ന പരിപാടികളെയും ഇത് ബാധിക്കുന്നതായി അവര്‍ പരാതിപ്പെട്ടു. കുട്ടികളുടെ പഠനത്തെ മാത്രമല്ല സാമൂഹികവും, മാനസികവുമായ വളര്‍ച്ചയ്ക്കും ഈ ശബ്ദശല്യം തടസ്സമാവുന്നതായി അവര്‍ പറഞ്ഞു.

വീടുകളില്‍ ജോലി ചെയ്യുന്നവര്‍ക്കും, ജോലി ചെയ്ത് വീട്ടിലെത്തുന്നവരുടെ വിശ്രമത്തിനുമടക്കം വിമാനങ്ങളില്‍ നിന്നുള്ള അമിത ശബ്ദം തടസ്സമാവുന്നതായുള്ള പരാതികളും ഉയര്‍ന്നുവരുന്നുണ്ട്.

അതേസമയം എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയും, സമീപവാസികളുടെ ആശങ്കയും ഒരുപോലെ പരിഹരിക്കുക എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലിവിളിയാണെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ശബ്ദശല്യം കുറയ്ക്കുന്നതിനായുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും DAA അറിയിച്ചു. നിലവില്‍ പ്രവര്‍ത്തിക്കുന്ന 13 നോയിസ് മോണിറ്ററിങ് ടെര്‍മിനലുകളെ 18ആക്കി ഉയര്‍ത്താനും DAA ഒരുങ്ങുകയാണ്.

Share this news

Leave a Reply

%d bloggers like this: