St Patrick’s Day: ഡബ്ലിനിൽ ഹോട്ടൽ മുറികൾക്ക് വൻ ഡിമാൻഡ് ; 22000 ത്തിലധികം റൂമുകളിൽ ബുക്കിങ് പൂർത്തിയായതായി IHF

ഈ വര്‍ഷത്തെ സെന്റ് പാട്രിക്സ് ദിനത്തോടനുബന്ധിച്ച് ഡബ്ലിനില്‍ ഹോട്ടല്‍ മുറികള്‍ക്ക് വന്‍ ഡിമാന്‍ഡ് . നഗരത്തിലെ ഹോട്ടല്‍ മുറികളിലെല്ലാം ഏകദേശം ബുക്കിങ് പൂര്‍ത്തിയായതായും , ഇതുവരെ ബുക്ക് ചെയ്യപ്പെട്ട റൂമുകളുടെ എണ്ണം 22000 കവിഞ്ഞതായും Irish Hotels Federation (IHF) അറിയിച്ചു.

സന്ദര്‍ശകര്‍ ആഴ്ചകള്‍ക്ക് മുന്‍പോ, മാസങ്ങള്‍ക്ക് മുന്‍പോ തന്നെ ഈ മുറികള്‍ ബുക്ക് ചെയ്തിരുന്നതായും, അതുകൊണ്ടുതന്നെ ലാസ്റ്റ് മിനിറ്റ് റേറ്റിനേക്കാളും കുറഞ്ഞ നിരക്കില്‍ ഇവര്‍ക്ക് ഈ മുറികള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞതായും IHF വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. നിലവില്‍ റൂമുകളുടെ ലഭ്യതയില്‍ കുറവ് വന്നത് മൂലം ധാരളമാളുകള്‍ നഗരത്തില്‍ നിന്നും മാറിയുള്ള ഇടങ്ങളിലെ റൂമുകളില്‍ താമസിക്കേണ്ട സാഹചര്യമുണ്ടാവും. ഇനിയും റൂമുകള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഹോട്ടലുകളില്‍ നേരിട്ട് ബന്ധപ്പെട്ടുകൊണ്ട് ബുക്ക് ചെയ്യുന്നതാണ് ഉചിതമെന്നും, ഇതുവഴി നിരക്കില്‍ കുറവ് ലഭ്യമാവുമെന്നും IHF വക്താവ് പറഞ്ഞു. ‍ ശേഷിക്കുന്ന റൂമുകള്‍ക്ക് മറ്റു ബുക്കിങ് പ്ലാറ്റ്ഫോമുകളില്‍ വലിയ നിരക്ക് ഈടാക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് IHF ന്റെ നിര്‍ദ്ദേശം.

സിറ്റി സെന്ററിലെ ഒരു ഹോട്ടലില്‍ മൂന്ന് രാത്രികള്‍ക്ക് 1900യൂറോ വരെ ഈടാക്കുന്നതായുള്ള കണക്കുകള്‍ പുറത്തുവന്നിരുന്നു. അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നതിലൂടെ അയര്‍ലന്‍ഡ് ‌ടൂറിസം മേഖലയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് ബാധിക്കുമെന്ന് Irish Tourism Industry Confederation പ്രതിനിധി Eoghan O’Mara Walsh പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: