അയർലൻഡിൽ ‘ലിംഗസമത്വ ഹിതപരിശോധന’ ഈ വർഷം നവംബറിൽ നടക്കുമെന്ന് സർക്കാർ

അയര്‍ലന്‍ഡ് ഭരണഘടനയിലെ ലിംഗസമത്വവുമായി ബന്ധപ്പെട്ട ഭേഗഗതികള്‍ സംബന്ധിച്ച ഹിതപരിശോധന ഈ വര്‍ഷം നവംബറില്‍ നടക്കുമെന്ന് സര്‍ക്കാര്‍. ലിംഗസമത്വം സംബന്ധിച്ച് Citizens’ Assembly യും, പ്രത്യേക പാര്‍ലിമെന്ററി കമ്മിറ്റിയും മുന്നോട്ട് വച്ച ഭേദഗതി നിര്‍ദ്ദേശങ്ങളിലാണ് ഹിതപരിശോധന നടക്കാനിരിക്കുന്നത്.

പ്രധാനമായും ആര്‍ട്ടിക്കിള്‍ 40, 41 എന്നിവയില്‍ ഭേദഗതികള്‍ വേണമെന്നാണ് The Citizens’ Assembly on Gender Equality 2021 ജൂണ്‍ മാസത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്. “എല്ലാ പൗരന്മാരും, മനുഷ്യരെന്ന നിലയിൽ, നിയമത്തിന് മുന്നിൽ തുല്യരായി കാണപ്പെടും” എന്നാണ് ആർട്ടിക്കിൾ 40.1 നിലവിൽ പറയുന്നത്. ലിംഗസമത്വത്തെ വ്യക്തമായി പരാമര്‍ശിക്കുന്ന രീതിയില്‍ ഈ ഖണ്ഢിക ഭേദഗതി ചെയ്യണമെന്നാണ് സിറ്റിസണ്‍സ് അസംബ്ലി നിര്‍ദ്ദേശിക്കുന്നത്.

ഐറിഷ് സമൂഹത്തിന്റെ അടിസ്ഥാനപരവും, പ്രാഥമികവുമായി ഗ്രൂപ്പുകളായി കുടുംബങ്ങളെ നിര്‍വ്വചിക്കുന്ന ആര്‍ട്ടിക്കിള്‍ 41 ലും ഭേദഗതി വേണമെന്ന് സിറ്റിസണ്‍സ് അസംബ്ലി നിര്‍ദ്ദേശിച്ചിരുന്നു. കുടുംബ ജീവിതത്തിന് പ്രൊട്ടക്ഷന്‍ നൽകുന്നത് തുടര്‍ന്നുകൊണ്ട് തന്നെ പ്രൊട്ടക്ഷന്‍ വൈവാഹിക കുടുംബത്തിൽ മാത്രം പരിമിതപ്പെടുത്തരുത് എന്നും സിറ്റിസണ്‍സ് അസംബ്ലി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളിലൊന്നാണ്. ആര്‍ട്ടിക്കിള്‍ 41.2 പൂര്‍ണ്ണമായും നീക്കം ചെയ്തുകൊണ്ട് പകരം ലിംഗഭേദമില്ലാത്ത ഭാഷ ഉപയോഗിക്കണമെന്നും സിറ്റിസണ്‍സ് അസംബ്ലി നിര്‍ദ്ദേശിക്കുന്നു.

“വളരെക്കാലമായി, സ്ത്രീകളും പെൺകുട്ടികളും വീട്ടിലും ജോലിസ്ഥലത്തും വിവേചനം നേരിടുകയാണ്, ഗാർഹികമോ ലിംഗാധിഷ്ഠിതമോ ആയ അക്രമങ്ങളെ ഭയന്ന് അവര്‍ ജീവിക്കുകയാണെന്നും” പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. ഈ റഫറണ്ടം ഭരണഘടനയ്ക്കുള്ളിൽ ലിംഗസമത്വം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഫറണ്ടം സംബന്ധിച്ച് പ്രഖ്യാപനം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

Share this news

Leave a Reply

%d bloggers like this: