‘ബിബിസിയിൽ കലാപം ‘ ; ഗാരി ലിനേക്കർക്ക് പിന്തുണയർപ്പിച്ച് പരിപാടികളിൽ നിന്ന് വിട്ടുനിന്ന് അവതാരകർ

ബിബിസി സ്പോര്‍ട്സ് അവതാരകന്‍ ഗാരി ലിനേക്കറുടെ സസ്പെന്‍ഷനെ തുടര്‍ന്ന് ബിബിസിയില്‍ ഉടലെടുത്ത തര്‍ക്കം രൂക്ഷമാവുന്നു. ലിനേക്കര്‍ക്ക് പിന്തുണയറിയിച്ച് നിരവധി അവതാരകര്‍ പരിപാടികളില്‍ നിന്നും വിട്ടുനിന്നതോടെ ഈ വീക്കെന്‍ഡിലെ സ്പോര്‍ട്സ് പരിപാടികള്‍ വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ബിബിസി.അലക്സ് സ്കോട്ട്, ജേസണ്‍ മുഹമ്മദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള അവതാരകര്‍ പരിപാടികളില്‍ നിന്നും പിന്‍മാറിയിരുന്നു.

ബ്രിട്ടീഷ് കുടിയേറ്റ നയങ്ങളെയും, പാര്‍ലിമെന്റ് അംഗത്തിന്റെ കുടിയേറ്റക്കാര്‍ക്കെതിരായ പരാമര്‍ശത്തെയും ജര്‍മ്മനിയിലെ നാസി നയങ്ങളോട് ഉപമിച്ച് കൊണ്ട് ലിനേക്കര്‍ ട്വിറ്ററില്‍ ഇട്ട പോസ്റ്റാണ് നിലവിലെ വിവാദത്തിലേക്ക് നയിച്ചത്. ഈ സാഹചര്യത്തിലാണ് ബിബിസിയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകനും, മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം നായകനുമായ ലിനേക്കറെ ബിബിസി സസ്പെന്റ് ചെയ്തത്. ഫുട്ബോള്‍ പരിപാടിയായ “Match of the Day” ആയിരുന്നു ഗാരി ലിനേക്കര്‍ അവതരിപ്പിച്ചിരുന്നത്.

സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയാണ് ബിബിസി ചെയ്തതെന്നും, ബിബിസി യുടെ നിഷ്പക്ഷ നയങ്ങള്‍ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും വിമര്‍ശകര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പ്രതികരണവുമായി ബിബിസി ഡയറക്ടര്‍ ജനറല്‍ Tim Davie കഴിഞ്ഞ ദിവസം രംഗത്തെത്തി. ഈ വിഷയത്തിന്റെ പേരില്‍ രാജിവയ്ക്കാനില്ലെന്നും, ബിബിസിയില്‍ താനടക്കമുള്ള എല്ലാവരും നിഷ്പക്ഷതയോടുള്ള അഭിനിവേശത്താലാണ് നയിക്കപ്പെടുന്നതെന്നും, ഇടതും വലതുമുള്ള ഒരു പാര്‍ട്ടിയോടും തങ്ങള്‍ക്ക് പ്രത്യേക താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിബിസിയുടെ നിഷ്പക്ഷ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തന്നെ സ്വന്തം അഭിപ്രായങ്ങള്‍ പറയുന്ന അവതാരകനായി ലിനേക്കറെ തങ്ങള്‍ക്ക് തിരികെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇത് ഗാരി ലിനേക്കറും, ബിബിസിയും തമ്മിലുള്ള വിഷയമാണ്, മറിച്ച് സര്‍ക്കാരുമായുള്ളതല്ല” എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഈ വിഷയത്തില്‍ പ്രതികരിച്ചത്. വിഷയം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: