വംശീയതയെ ചെറുക്കാൻ കർമ്മ പരിപാടിയുമായി അയർലൻഡ് സർക്കാർ

വംശീയ വിദ്വേഷം രാജ്യത്ത് നിന്നും പൂര്‍ണ്ണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക കര്‍മ്മപരിപാടി അവതരിപ്പിച്ച് അയര്‍ലന്‍ഡ് സര്‍ക്കാര്‍. പ്രധാനമന്ത്രി ലിയോ വരദ്കര്‍, ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, മിനിസ്റ്റര്‍ ഓഫ് ഇക്വാലിറ്റി Roderic O’Gorman, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ആന്റ് ഇന്റഗ്രേഷന്‍ വകുപ്പ് സഹമന്ത്രി Joe O’Brien എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം കര്‍മ്മപരിപാടി അവതരിപ്പിച്ചത്.

2020 ല്‍ Department of Children, Equality, Disability, Integration, and Youth രൂപീകരിച്ച ആന്റി റേസിസം കമ്മിറ്റി രൂപകല്‍പന ചെയ്ത കര്‍മ്മപരിപാടിയാണ് ഇത്. അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വംശീയ വിദ്വേഷത്തിന് ഇരയായവരെ പിന്തുണയ്ക്കുക. വംശീയ അസമത്വങ്ങള്‍ മൂലമുള്ള വിഷയങ്ങള്‍ പരിഹരിക്കുക, അയര്‍ലന്‍ഡിലെ എല്ലാ മേഖലകളിലും വംശീയ ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക, വിവിധ ഡാറ്റകളുടെ അടിസ്ഥാനത്തില്‍ വംശീയതയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുക, വംശീയ വിദ്വേഷം തടയുന്നതിനായുള്ള പദ്ധതികള്‍, നിയമനിര്‍മ്മാണം എന്നിവ നടത്തുക എന്നിവയാണ് കര്‍മ്മപരിപാടിയുടെ പ്രധാനലക്ഷ്യങ്ങള്‍.

ഇതില്‍ ആദ്യലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി വംശീയ അതിക്രമങ്ങളെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാനും, വളരെ സുരക്ഷിതമായി ഇത്തരം സംഭവങ്ങള്‍ ഗാര്‍ഡയില്‍ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കും. വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഗാര്‍ഡയില്‍ പ്രത്യേകം യൂണിറ്റ് ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്.

വംശീയ അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിനായി തൊഴില്‍, വിദ്യാഭ്യാസം, ഭവനം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. രാഷ്ട്രീയത്തിലും വംശീയന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഉണ്ടാവും.

2027 ഓടെ കര്‍മ്മപരിപാടികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിലുള്ള വംശീയ വിരുദ്ധ പദ്ധതികൾക്കായി 1 മില്യൺ യൂറോ ധനസഹായം പുതുതായി സ്ഥാപിതമായ അയർലൻഡ് എഗെയ്ൻസ്റ്റ് റേസിസം ഫണ്ടിലൂടെ ലഭ്യമാക്കും. പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി ഒരു പ്രത്യേക സ്വതന്ത്ര റിപ്പോർട്ടറെയും നിയമിക്കും.

Share this news

Leave a Reply

%d bloggers like this: